സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെങ്കില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഖേദം പ്രകടിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സൗദി അറേബ്യയിലേക്ക് പോകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഗീലാനിക്കെതിരെ ബിജെപി ജമ്മു കാശ്മീര്‍ നേതൃത്വം രംഗത്തെത്തിയത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് മുന്‍പ് ഗീലാനി നടത്തിയ ഇന്ത്യ വിരുദ്ധ പരാമര്‍ശത്തിന് ഖേദപ്രകടനം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ സന്ദര്‍ശിക്കുന്നതിനാണ് വിഘടനവാദി നേതാവായ ഗീലാനി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആവശ്യമെങ്കില്‍ ഗീലാനി ആദ്യം താനൊരു ഇന്ത്യന്‍ പൗരനാണെന്ന ബോധ്യം വരുത്തണം. പിന്നീട് ഇന്ത്യാ വിരുദ്ധ പരാമര്‍ശനത്തിന് മാപ്പ് പറയണമെന്നും ബിജെപി വക്താവ് ഖാലിദ് ജഹാംഗീര്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഗീലാനി ഖേദം പ്രകടിപ്പിക്കാത്ത പക്ഷം പാസ്‌പോര്‍ട്ട് നല്‍കരുത്.
ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പാസ്‌പോര്‍ട് നല്‍കുന്നത്. ഇന്ത്യയിലും ഇവിടുത്തെ ജനാധിപത്യത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക് അതിന്റെ ആവശ്യമില്ല. പാസ്‌പോര്‍ട്ട് വേണമെങ്കില്‍ അദ്ദേഹം ഈ നാട്ടിലെ നിയമം പാലിക്കണമെന്നും ജഹാംഗീര്‍ പറഞ്ഞു.
എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുന്ന രാജ്യത്തിനെതിരായി വിഷം ചീറ്റുന്ന ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് അനുവദിക്കേണ്ട കാര്യമില്ലെന്നും ജഹാംഗീര്‍ വ്യക്തമാക്കി. അതേസമയം, ബിജെപി പിന്തുണയോടെ ജമ്മു കശ്മീര്‍ ഭരിക്കുന്ന പിഡിപിക്ക് വ്യത്യസ്ത അഭിപ്രായമാണ്. മാനുഷിക പരിഗണനയുടെ പേരില്‍ ഗീലാനിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ആലോചിക്കുമെന്ന് പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല