പറഞ്ഞു വരുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ എന്നത് ഒരു മഹാ പ്രസ്ഥാനം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലയും ജീവനക്കാരും ഇന്ത്യന്‍ റെയില്‍വേക്ക് സ്വന്തം. കഴിഞ്ഞ കുറച്ചു കാലം മുന്‍പ് വരെ വലിയ കുഴപ്പമൊന്നുമില്ലാതെ ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും അപശ്രുതിയുടെ ചൂളംവിളികളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തീര്‍ച്ചയായും സൗമ്യയുടെ നിലവിളി തന്നെയാണ് ചൂളം വിളി സ്ത്രീകളുടെ നിലവിളിയായി മാറുന്നത് കേള്‍ക്കാനുള്ള കാത് നമുക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യപ്പെട്ട ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഇന്നും അനന്തമായ റെയില്‍വേ ട്രാക്ക് പോലെ നീണ്ടു പോകുന്നു.
ഗോവിന്ദചാമിമാരെപ്പോലുള്ളവരില്‍ നിന്നും രക്ഷകരാവേണ്ട ടി.ടി. ഇ.മാര്‍ തന്നെ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലെത്തി എന്നതിന്റെ ഉദാഹരണങ്ങളാണ് ജയഗീത, ഹേമലത എന്നിവര്‍ക്ക് ഉണ്ടായ ദുരനഭവങ്ങള്‍ കാണിക്കുന്നത്. ഇവര്‍ തമ്മിലുള്ള ഒരേയൊരു വ്യത്യാസം എന്തെന്നാല്‍ ഗോവിന്ദച്ചാമിമാര്‍ പീഡനത്തിന് തെരുവും റെയില്‍വേ ട്രാക്കും തെരഞ്ഞെടുക്കുമ്പോള്‍ കോട്ടിട്ട ടി.ടി. ഇ.മാര്‍ ശീതീകരിച്ച മുറികള്‍ തെരഞ്ഞെടുക്കുന്നു എന്നതാണ്. നമുക്കുയര്‍ത്തി പിടിക്കാന്‍ ഗോവിന്ദചമിക്ക് നല്‍കിയ ശിക്ഷ മാത്രമല്ല എറണാകുളം കേന്ദ്രീകരിച്ച് ട്രെയിനില്‍ വളരെ സജീവമായി ഉണ്ടായിരുന്ന ഒരു ടി.ടി.ഇ കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കാര്യവുമുണ്ട്. എന്നിട്ടും നിയമത്തിനും നീതി പാലകര്‍ക്കും ഇവിടെ പുല്ലുവില!
എന്തായാലും ഇതൊക്കെ കണ്ടും കേട്ടും നമ്മുടെ നാട്ടുകാര്‍ പ്രതികരിക്കുമോ എന്ന ഭയത്താലാണോ അല്യോ എന്നറിയില്ല ഇന്ത്യന്‍ റെയില്‍വേ മദ്യപാനം നിരോധിച്ചു! കണ്ണില്‍ പൊടിയിടുക എന്ന് കേട്ടിട്ടില്ലേ? സംഗതി അതുതന്നെ! റെയില്‍വേക്കെതിരെ ഉയരുന്നജനരോഷത്തില്‍ നിന്നും രക്ഷപെടാന്‍ അവര്‍ കണ്ട എളുപ്പവഴിയാണ് മദ്യപാനം നിരോധിക്കുക എന്ന് വ്യക്തം. അതായത് ഈ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മദ്യപര്‍ ആണെന്നൊരു സാമാന്യ തത്വം അവതരിപ്പിക്കുകയും മദ്യപരെ റെയില്‍വേയുടെ മേഖലകളില്‍ നിന്നും അകറ്റുകയും ചെയ്ത് കയ്യടി വാങ്ങാനുള്ള എളുപ്പവഴിയാണ് റെയില്‍വേ ചെയ്തത്.
തീര്‍ച്ചയായും മദ്യപാനം നിരോധിക്കേണ്ടത് തന്നെയാണ്. എങ്കിലും എല്ലാ മദ്യപാനികളും പ്രശ്നക്കാരാണ് എന്ന മുന്‍വിധിയോടെയാണ് റെയില്‍വേ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒറ്റക്കയ്യനായ ഒരാള്‍ ട്രെയിനില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പരിഹാരമായി കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പകരം എല്ലാ ഒറ്റക്കയ്യന്മാരെയും നിരോധിക്കുക എന്ന് എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നത് പോലെ അപകടകരമാണ് ഈ നടപടിയും. പ്രശ്നക്കാരെല്ലാം മദ്യപരാണെന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ മദ്യപരല്ലാത്ത പ്രശ്നക്കാര്‍ റെയില്‍വേ ഗേറ്റിലൂടെ അനായാസം രക്ഷപെടുന്നു. ഇതിനൊരു ഉദാഹരണമാണ് ടിടിഇ യുടെ കാര്യം.
ഇനിയിപ്പോള്‍ മദ്യപാനം നിരോധിച്ചു എന്നത് തന്നെ എടുക്കാം, ഈ നിയമം കേരളത്തില്‍ മാത്രമേ ബാധകമുള്ളൂ അതായത് കോയമ്പത്തൂരില്‍ നിന്നും മദ്യപിച്ച് ട്രെയിനില്‍ കയറുന്ന ഒരാള്‍ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെപാലക്കാട് സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളം കഴിഞ്ഞാല്‍ ആര്‍കും മദ്യപിച്ചു ട്രെയിനില്‍ കയറാം! ഇതുവരെ കേരളത്തിന് ഒരു സോണ്‍ അനുവദിക്കാത്ത ഇന്ത്യന്‍ റെയില്‍വേ കേരളത്തിന് മാത്രമായി ഒരു നിയമം നടപ്പാക്കി എന്നതില്‍ റെയില്‍വേക്ക് അഭിമാനിക്കാം.
ശരിക്കും പറഞ്ഞാല്‍ യാത്രികരുടെ സുരക്ഷയാണ് റെയില്‍വേ ഉന്നം വെക്കുന്നതെങ്കില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ട്രെയിനുകളില്‍ വിന്യസിക്കുകയാണ് വേണ്ടത്. കൂടാതെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ലേഡീസ് കംപാര്‍ട്ട്മെന്റ് മധ്യത്തില്‍ ആക്കുക, എക്സ്‌പ്രസ്സ് ട്രെയിനുകളിലേത് പോലെ ബോഗികള്‍ പരസ്പരം ബന്ധിപ്പിക്കുക, അതിലൂടെ ലേഡീസ് കംപാര്‍ട്ട്മെന്റ് ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നിങ്ങനെ അനേകം നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്. അതൊന്നും ചെയ്യാതെ മദ്യപരെ നിരോധിച്ചു കൊണ്ടുള്ള പുകമറയിലൂടെ സുരക്ഷയെ സംബധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും റെയില്‍വേ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല