സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളായ റുപേ കാര്‍ഡ്, യു പി ഐ പ്ലാറ്റ്ഫോം സേവനങ്ങള്‍ ഇനി ഒമാനിലും. ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ഗുണകരമാകുന്ന തീരുമാനം വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ സന്ദര്‍ശന വേളയിലാണ് സാധ്യമാകുന്നത്.
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എന്‍ പി സി ഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സി ബി ഒ) ഡിജിറ്റല്‍ ഫിനാന്‍സ്, റുപേയുടെ ഉപയോഗത്തിനുള്ള പേയ്മെന്റുകള്‍, യു പി ഐ എന്നിവയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കും. യു എ ഇ ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും റൂപേ കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
യു എ ഇ ആണ് റൂപേ സേവനം ലഭ്യമാക്കി ആദ്യ ഗള്‍ഫ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2019 ലെ സന്ദര്‍ശന വേളയിലായിരുന്നു ഇത്. വിസ, മാസ്റ്റര്‍കാര്‍ഡ് പോലെയുള്ള ഒരു ഇന്ത്യന്‍ പേയ്മെന്റ് ഗേറ്റ്വേ സേവനമാണ് റൂപേ. ഇന്ത്യന്‍ പ്രവാസികളുള്ള രാജ്യങ്ങളിലേക്കെല്ലാം റൂപേ സേവനം എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 2018 ല്‍ സിംഗപ്പൂരിലും പിന്നീട് ഭൂട്ടാനിലും മാലിദ്വീപിലും റൂപേ സേവനം ആരംഭിച്ചിരുന്നു.
ഒക്ടോബര്‍ 3, 4 തീയതികളിലായാണ് മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനം. ഇത് രണ്ടാം തവണയാണ് മുരളീധരന് ഒമാനിലെത്തുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിജ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസയ്ദിയുമായി മുരളീധരന് കൂചടിക്കാഴ്ച നടത്തും. നേരത്തെ കോവിഡ് കാലത്ത് 2020 ഡിസംബറിലും വി മുരളീധരന് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.
ഒമാനില്‍ 650,000 ഇന്ത്യക്കാരുണ്ട് എന്നാണ് കണക്ക്. അടുത്തിടെ, ഇന്ത്യന്‍ വംശജനായ പങ്കജ് ഖിംജി, ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ ഉപമന്ത്രി റാങ്കോടെ ഉപദേശകനായി നിയമിക്കപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനായ പ്രവാസിയെ ഗള്‍ഫ് മേഖലയിലെ സര്‍ക്കാര്‍ സ്ഥാനത്തില്‍ നിയമിക്കുന്നത്.
ഒമാനിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ഇന്ത്യ. ഒമാനിലെ ഇന്ത്യയുടെ മൊത്തം നിക്ഷേപം 7.5 ബില്യണ്‍ ഡോളറാണ്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ഇന്ത്യന്‍ നാവിക വിന്യാസത്തെ പിന്തുണയ്ക്കുന്നതില്‍ ഒമാന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല