പ്രാഞ്ചിയേട്ടന് ശേഷം മറ്റൊരു മികച്ച സിനിമ കുടി മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഇന്ത്യ റുപ്പീ താരബഹളങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പണം ഉണ്ടാക്കാന്‍ വേണ്ടി ഓടിനടക്കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ് ജയപ്രകാശ് എന്ന ചെറുപ്പക്കാരന്‍. പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷമാണ് പൃഥ്വിരാജിന്റെ ജേ പീ എന്ന ജയപ്രകാശ്. എന്നാല്‍ പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ അസ്വസ്ഥതകള്‍ മാത്രമാണ് ജയപ്രകാശിന് ലഭിക്കുന്നത്.
തിലകന്‍ അവതരിപ്പിച്ച അച്യുതമേനോന്‍ എന്ന കഥാപാത്രവും ഉജ്ജ്വലമായി. പൃഥ്വിരാജ്, തിലകന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടിനി ടോം അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. നായികയ്ക്ക് കാര്യമായ പ്രാധാന്യമില്ലെങ്കിലും റീമ കല്ലിങ്കല്‍ മോശമാക്കിയില്ല. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ശശി കലിംഗ, മാമുക്കോയ, ഷമ്മി തിലകന്‍, സാദിഖ്, ശിവാജി ഗുരുവായൂര്‍, ബിജു പപ്പന്‍, ബാബു നമ്പൂതിരി സീനത്ത്, കല്‍പന, രേവതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. അതിഥി താരമായി എത്തുന്ന ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യ റുപ്പീ നിര്‍മ്മിച്ചിരിക്കുന്നത്. എസ്. കുമാറിന്റെ ക്യാമറയും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും വേറിട്ട അനുഭവമായി. തന്റെ സിനിമയിലെ കഥാപാത്രങ്ങളായി അഭിനേതാക്കള്‍ ഓരോരുത്തരേയും മാറ്റിയെടുക്കുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു എന്നതു തന്നെയാണ് ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഒരു മികച്ച സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല