സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവിൽ വ്യാപാരം തുടരുന്നത്.
രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികൾക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂർണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾക്ക് ഇന്നലെ അവധിയായതിനാൽ പുതിയ നിരക്കിൽ ഇടപാട് നടക്കാത്തതാണു വിനയായത്.
മേയ് 13ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗൾഫിലെ ധനകാര്യ സ്ഥാപനങ്ങൾ ഇടപാട് നടത്തിയത്. നഷ്ടം 20–50 പൈസ വരെ. പഴയ നിരക്കിലാണ് വിനിമയം എന്നറിഞ്ഞതോടെ പലരും പണമയയ്ക്കാതെ മടങ്ങി.
ഒരു യുഎഇ ദിർഹത്തിന് 21 രൂപ 20 പൈസയായിരുന്നു ഇന്നലത്തെ മികച്ച നിരക്ക്. സൗദി റിയാൽ – 20.75 രൂപ, ഖത്തർ റിയാൽ – 21.38 രൂപ, ഒമാൻ റിയാൽ – 202.22 രൂപ, ബഹ്റൈൻ ദിനാർ 206.48 രൂപ, കുവൈത്ത് ദിനാർ 253.45 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്. രാജ്യാന്തര നിരക്കിനെക്കാൾ 5–15 പൈസയുടെ വ്യത്യാസത്തിലാണു ധനവിനിമയ സ്ഥാപങ്ങൾ ഇടപാട് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല