ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിഞ്ഞത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആഹ്ളാദം പകരുന്നു. എന്നാല്‍ ക്രൂഡോയില്‍ ഉള്‍പ്പെടെ നിര്‍ണായക ഉത്പന്നങ്ങളുടെ ഇറക്കുമതിക്കു വേണ്ടി സര്‍ക്കാരും മറ്റ് ഏജന്‍സികളും പണമൊഴുക്കേണ്ട സ്ഥിതിയാണ്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേട്ടം കൊയ്യുമ്പോള്‍ ആഗോള വാങ്ങലുകാര്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ഉത്പന്നങ്ങളുടെ നിലവാരം എന്നിവയാണ് ഇതിനു പകരമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈപേരില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ ഇളവുകള്‍ വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കയറ്റുമതിയുടെ കാര്യത്തില്‍ മുന്നിലുള്ള പഞ്ചാബിലെ കയറ്റുമതിക്കാര്‍ വാങ്ങലുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായിട്ടുണ്ട്. വസ്ത്രം, സ്പോട്സ് ഉത്പന്നങ്ങള്‍, ചെറുകിട എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ തുടങ്ങിയവയാണു പഞ്ചാബില്‍ നിന്ന് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ഡോളറുമായുളള വിനിമയത്തില്‍ ഏഷ്യയില്‍ ഏറ്റവും തകര്‍ച്ച സംഭവിച്ച കറന്‍സിയായി ഇന്ത്യന്‍ രൂപ മാറിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയ്ക്കു ശേഷം 15 ശതമാനമാണു വിലയിടിഞ്ഞത്. 52 രൂപ വരെ എത്തി ഡോളര്‍ വിനിമയ നിരക്ക്. രൂപയുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്നുള്ള ആവേശം അധികസമയമുണ്ടാകില്ല. കാരണം വാങ്ങലുകാര്‍ പരമാവധി ഇളവുകളാണ് ആവശ്യപ്പെടുന്നത്. അത് വിനിമയത്തില്‍ സാധാരണനില വരാന്‍ ഇടവരുത്തുമെന്നു സംസ്ഥാനത്തെ കമ്പിളി കയറ്റുമതി വര്‍ധന സമിതി ചെയര്‍മാന്‍ അശോക് ജെയ്ഡ്ക പറഞ്ഞു. വാങ്ങലുകാര്‍ കൂടുതല്‍ ഇളവുകള്‍ക്കു മറ്റു പ്രചാരണങ്ങളും നടത്തുന്നുണ്ട്. രൂപ 54ല്‍ എത്തുമെന്നും അതിനാല്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കു 20 മുതല്‍ 25% വരെ ഇളവുകള്‍ വേണമെന്നും അവര്‍ പറയുന്നു. പിന്നീടു കടുത്ത വിലപേശല്‍ നടത്തേണ്ടിവരുന്നു. അതോടെ ഇളവ് എട്ടുമുതല്‍ പത്തുശതമാനം വരെയാകും.
യൂറോപ്പ്, അമേരിക്ക, മധ്യപൂര്‍വദേശം, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള വാങ്ങലുകാരാണ് ഇളവുകള്‍ ആവശ്യപ്പെടുന്നതെന്ന് എന്‍ജിനീയറിംഗ് കയറ്റുമതി വര്‍ധന സമിതി റീജണല്‍ ചെയര്‍മാന്‍ എസ്. സി. റല്‍ഹാന്‍ പറയുന്നു. വിവിധ ഉത്പന്നങ്ങളിലായി പഞ്ചാബിന്റെ വാര്‍ഷിക കയറ്റുമതി 13,000 കോടിയിലേറെ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല