![](https://www.nrimalayalee.com/wp-content/uploads/2020/05/coronavirus-covid-19-lockdown-Expat-Remittance-Kerala.jpg)
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു വരുന്നത് ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് വലിയ നേട്ടമായിരിക്കുകയാണ്. ഒരു ദിനാറിനു 247 രൂപയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പണമയക്കുന്നതിന് വലിയ തിരക്കാണ് കാണുന്നത്. പ്രത്യേകിച്ചും മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം കിട്ടിയ സാഹചര്യത്തില്‍ വിനിമയ നിരക്ക് ഇത്രയധികം കുറഞ്ഞതോടെ സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് നിരവധി പേര് മുന്നോട്ട് വന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി തുടരുന്ന രൂപയുടെ മൂല്യത്തകര്‍ച്ച കുവൈത്ത് ധനവിനിമയ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു ദിനാറിന് 247 രൂപക്ക് മുകളിലാണു വിനിമയം നടന്നത്. അതേസമയം നവംബര്‍ 26 ന് ഒരു യുഎസ് ഡോളറിന് 74.58 രൂപ എന്ന നിലയിലായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ വിപണനം ആരംഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ആഴ്ച അവസാനമായതോടെ രൂപയുടെ മൂല്യം ഡോളറിന് 74.93 75.17 എന്ന നിലയിലേക്ക് ഇടിഞ്ഞു.
ഡിസംബര്‍ 6 തിങ്കളാഴ്ചയോടെ 75.18 75.47 എന്ന നിലയിലേക്ക് കൂപ്പു കുത്തി. ചൊവ്വാഴ്ച വീണ്ടും 75.25-75.49ല്‍ എത്തുകയും, കഴിഞ്ഞ ദിവസം 75.35-75.56 എന്ന നിരക്കിലാണ് വിപണനം നടന്നിട്ടുള്ളത്.
സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ഇന്നലെ ലഭിച്ചത്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇതോടെ സൗദിയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 രൂപ 70 പൈസ മുതൽ 19 രൂപ 93 പൈസ വരെയാണ് നൽകി കൊണ്ടിരിക്കുന്നത്.
രൂപയുടെ മൂല്യ തകർച്ചയും, ശമ്പളം ലഭിക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികൾക്ക് തുണയായി. ബാങ്കുകളിലെല്ലാം ഇന്ത്യൻ പ്രവാസികളുടെ വൻ തിരക്കാണ് കാണപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ പല ബാങ്കുകളും സർവീസ് ചാർജ് ഈടാക്കാതെയാണ് പണമയക്കാൻ സംവിധാനം ഒരുക്കിയത്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും, ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യ തകർച്ചക്ക് കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല