സ്വന്തം ലേഖകൻ: ഡോളർ ശക്തി പ്രാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവില്‍ ഒരു കുവൈത്ത് ദിനാറിന് 269 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക്. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്കുന്ന സൂചന.
യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണം. അതോടപ്പം ഇന്ത്യയിൽ നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്ക് വർധിച്ചതും ഇന്ത്യൻ കറൻസിയെ ബാധിച്ചിട്ടുണ്ട്.രാജ്യത്തിന്റെ ഉപഭോക്തൃ വില പണപ്പെരുപ്പവും ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതല്‍ ആശ്വാസകരമാവുക. 2022-ൽ മാത്രം 100 ബില്യൺ ഡോളറാണ് വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല