സ്വന്തം ലേഖകൻ: ഇന്ത്യയുടെ രൂപയിൽ തന്നെ രാജ്യാന്തര വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള സ്പെഷ്യൽ രൂപീ വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള 60 ഇടപാടുകൾക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി കേന്ദ്ര ധനമന്ത്രാലയം ഇന്നലെ ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകുന്നതിനും ആഗോള വ്യാപാര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ രൂപയിൽ ആഗോള വ്യാപാരം കൂട്ടുന്നതിനുമാണ് സ്പെഷ്യൽ റുപ്പീ വോസ്‌ട്രോ അക്കൗണ്ടുകൾ വഴിയുള്ള വ്യാപാരം ഇന്ത്യ വിപുലീകരിക്കാൻ ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ പ്രത്യേക ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഏതുരാജ്യങ്ങൾക്കും ഇന്ത്യയുമായി ഈ പ്രത്യേക വ്യാപാര കരാറിൽ ഏർപ്പെടാവുന്നതാണ്.
ഇന്ത്യയുമായി വ്യാപാര ഇടപാട് നടത്തുന്ന ബാങ്കുകൾ ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾ വഴിയാണ് ഇടപാടുകൾ നടത്തേണ്ടത്. ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യു കെ എന്നീ രാജ്യങ്ങളുമായാണ് ഇപ്പോൾ രൂപയിൽ വ്യാപാരം നടക്കാൻ പോകുന്നത്.
ഇങ്ങനെയുള്ള വ്യാപാര ഇടപാടുകൾ വിപുലീകരിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ അത് രൂപയെ ശക്തിപ്പെടുത്തും. കൂടാതെ ഡോളറിനെ ഒഴിവാക്കിയുള്ള രാജ്യാന്തര വ്യാപാര പണമിടപാടുകൾ ഫോറെക്സ് വിപണിയിൽ കറൻസികളുടെ മൂല്യത്തിൽ ഭാവിയിൽ വൻ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല