സ്വന്തം ലേഖകൻ: ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 31 പൈസയാണ് ഇന്നലത്തെ നിരക്ക്. ഈ മാസം 11, 15 തീയതികളിൽ ദിർഹത്തിന് 21.28 വരെ എത്തിയിരുന്നുവെങ്കിലും 21.31ലേക്ക് എത്തുന്നത് ഇതാദ്യമായാണ്.
സൗദി റിയാലിന് 20 രൂപ 85 പൈസ, ഖത്തർ റിയാലിന് 21.49, ഒമാൻ റിയാൽ 203.21, ബഹ്റൈൻ ദിനാർ 207.57, കുവൈത്ത് ദിനാർ 255.14 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ ഓൺലൈൻ നിരക്ക്. പ്രാദേശിക ധനവിനിമയ സ്ഥാപനങ്ങൾ ഈ നിരക്കിൽനിന്നും 5–15 പൈസ കുറച്ചാണ് ഉപഭോക്താക്കൾക്ക് നൽകിവരുന്നത്.
ശമ്പളം ലഭിക്കാൻ ഇനിയും ഒരാഴ്ച ശേഷിക്കെ സാധാരണ പ്രവാസികൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല. നിക്ഷേപം ആഗ്രഹിച്ച് മെച്ചപ്പെട്ട നിരക്കിനായി പണം സ്വരുക്കൂട്ടി വച്ചവർ മാത്രമാണ് പണം അയയ്ക്കാൻ എക്സ്ചേഞ്ചിലെത്തിയത്. അതുകൊണ്ടുതന്നെ കാര്യമായ തിരക്കുണ്ടായില്ല. ഈ വർഷം ഇതുവരെ രൂപയ്ക്ക് 5 ശതമാനത്തിലേറെ മൂല്യശോഷണമുണ്ടായി.
രൂപയുടെ റെക്കോർഡ് തകർച്ച തുടരുകയും റിസർവ് ബാങ്കിന്റെ ഇടപെടൽ ഇല്ലാതെ വരികയും ചെയ്താൽ വർഷാവസാനത്തോടെ ഒരു ഡോളറിനു 81 രൂപയിലേക്കും ഒരു യുഎഇ ദിർഹത്തിന് 22 രൂപയിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. എണ്ണ വില വർധനയും റഷ്യ–യുക്രൈൻ യുദ്ധവുമെല്ലാം വിനിമയ നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല