സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം.
കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ നിരക്ക് 20 രൂപയിൽ താഴെയായിരുന്നു. അതിനാൽ പലരും പണം അയയ്ക്കാതെ മാറിനിന്നു. നിരക്ക് മെച്ചപ്പെട്ടതോടെ പണം അയക്കാനെത്തിയവർ കൂടി. മാസങ്ങളായി ചേർത്തു വച്ചതും വായ്പ വാങ്ങിയും പലരും അയച്ചത് ലക്ഷക്കണക്കിന് രൂപയെന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.
റമസാനും പെരുന്നാളും പ്രമാണിച്ച് പണം അയയ്ക്കുന്നവരും കൂടിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി നടന്ന ഇടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. 80% പേരും വീട്ടുചെലവിനാണ് പണം അയയ്ക്കുന്നതെങ്കിൽ 20% പേർ നിക്ഷേപം ആഗ്രഹിച്ച് അയയ്ക്കുന്നവരാണ്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. വരും ദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമായേക്കുമെന്നും സൂചനയുണ്ട്. ഒരു ഡോളറിനു 75.45 വരെ എത്താൻ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല