സ്വന്തം ലേഖകൻ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കം 16 ഇന്ത്യക്കാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിൽ. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണം പറഞ്ഞ് ഇവരെ നൈജീരിയയിലേക്ക് മാറ്റാനാണ് നീക്കം.
ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ 26 പേർ എത്തിയത്. നോർവേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. ആകെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 16 പേർ ഇന്ത്യക്കാരും ഒരാൾ പോളണ്ടുകാരനും ഒരാൾ ഫിലിപ്പൈൻ സ്വദേശിയും എട്ടുപേർ ശ്രീലങ്കക്കാരുമാണ്. കപ്പലിന്റെ ക്യാപ്റ്റൻ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസർ.
നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശി വിജിത്ത്. കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലുണ്ട്. നൈജീരിയയിൽനിന്ന് ക്രൂഡ് ഓയിൽ നിറച്ച് നോട്ടർഡാമിൽ ഇറക്കാനായിരുന്നു നിർദേശം. കപ്പൽ നൈജീരിയയിൽ ചെന്നപ്പോൾ സാങ്കേതികതടസ്സംമൂലം താമസമുണ്ടെന്ന് അറിയിച്ചു. അതോടെ ഇവർ നൈജീരിയൻ അതിർത്തിയിൽ കാത്തിരിക്കുകയായിരുന്നു.
ഇതിനിടെ കപ്പലിനടുത്തേക്ക് ഒരുബോട്ട് എത്തി. ഇതുകണ്ട വിജിത്ത് ക്യാപ്റ്റനെ വിവരമറിയിച്ചു. കപ്പൽ അന്താരാഷ്ട്ര കപ്പൽച്ചാലിലേക്ക് മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഇക്വറ്റോറിയൽ ഗിനിയയിലെ നേവി ഉദ്യോഗസ്ഥർ കപ്പലിലെത്തി കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് അറസ്റ്റ് എന്നും പറഞ്ഞു.
അറസ്റ്റ് നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. തുടർന്ന് വിശദാന്വേഷണം നടന്നു. രണ്ടു മില്യൺ യു.എസ്.ഡോളർ പിഴയായി ആവശ്യപ്പെട്ടു. ഈ തുക ഒ.എസ്.എം. മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചില്ല. കമ്പനി നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്തശേഷം കപ്പൽജീവനക്കാരെ ഒരു വില്ലയിലേക്ക് മാറ്റി. കമ്പനി പിഴയടച്ചതോടെ അവിടെനിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച നൈജീരിയൻ നേവി കപ്പൽജീവനക്കാരെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. നൈജീരിയയിലേക്ക് തങ്ങളെ കൊണ്ടുപോകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയാണ് കപ്പൽ ജീവനക്കാർ.
കേന്ദ്രസർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും മുഖ്യമന്ത്രിയെയും കപ്പൽജീവനക്കാരുടെ ബന്ധുക്കൾ മോചനത്തിനായി സമീപിച്ചിട്ടുണ്ട്. നൈജീരിയയിലേക്ക് തങ്ങളെ എത്തിക്കുന്നതിൽ കടുത്ത ഭയമുണ്ടെന്ന് വിജിത്ത് അറിയിച്ചു. നാട്ടിലേക്ക് വിളിക്കാനോ വിവരങ്ങൾ അറിയിക്കാനോ കഴിയാതാകുമെന്ന ആശങ്കയും വിജിത്ത് പങ്കുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല