സ്വന്തം ലേഖകൻ: മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിലെ മേല്‍ക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഹരജി
ഫയലില്‍ സ്വീകരിച്ചതായി ടൈംസ് നൗ ആണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. ഉത്തരവ് ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ എല്ലാ വഴികളും പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയുണ്ടായി.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറില്‍ സൈനിക പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേരെ 2022ലാണ് ഖത്തര്‍ തടവിലാക്കിയത്. പിടികൂടിയതിന്റെ കാരണം കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഇരു രാജ്യങ്ങളിലെയും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വിചാരണയ്ക്കായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ജയിലിലെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ദോഹയില്‍ ജയിലില്‍ കഴിയുന്നത്. രാകേഷ് തിരുവനന്തപുരം സ്വദേശിയാണ്. ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം 2022 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഇവരുടെ രഹസ്യ വിചാരണ മാര്‍ച്ച് 29നാണ് ആരംഭിച്ചത്. ഇവര്‍ക്ക് ഇന്ത്യ നിയമസഹായം ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ മാസം എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളെ കണ്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുകയും വിഷയത്തെ ഏറ്റവും ഉയര്‍ന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. എട്ട് മുന്‍ സൈനികരെയും ഖത്തറില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം ഉറപ്പുനല്‍കുകയുണ്ടായി.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ ഒന്നിനാണ് മുന്‍ നാവികരുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ‘ദി കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്’ ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരെല്ലാം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കെതിരെയും കേസെടുത്തിരുന്നെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല