1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2024

സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.

ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിലും രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്കു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വർഷം മുതൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കേന്ദ്രീകൃത ബുക്ക് പർച്ചേയ്‌സ് സംവിധാനം സ്‌കൂൾ ഡയറക്ടർ ബോർഡ് ആവിഷ്‌കരിച്ചു നടപ്പിൽ വരുത്തിയിരുന്നു. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളികളിലേക്കുമുള്ള ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പരിഷ്‌കാരത്തിലെ അപാകതയും പ്രായോഗിക പ്രശ്‌നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ മുമ്പ് പലതവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ബോർഡ് തങ്ങളുടെ തീരുമാനവുമായി മുമ്പോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത മാനസീക സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇത് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. അംബാസഡർ പാഠപുസ്തകങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും ഉറപ്പു നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.