1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2024

സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം പല കുടുംബങ്ങളും നാട്ടിൽ കുടുങ്ങിയതുകൊണ്ടാണ് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാതിരുന്നത്. വിമാന നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന ഇവരിൽ പലരും യുഎഇയിൽ എത്താൻ രണ്ടോ മൂന്നോ ആഴ്ചകൾ എടുക്കും. അതുവരെ പഠനം നഷ്ടപ്പെടുന്ന വേവലാതിയിലാണ് മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾ.

ഇന്ത്യൻ സ്കൂളുകൾ രണ്ടാംപാദ പഠനച്ചൂടിലേക്കാണ് കുട്ടികളെ സ്വീകരിച്ചത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്കാണ് വാതിൽ തുറന്നത്. യുഎഇയിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 11 ലക്ഷത്തിലേറെ വിദ്യാർഥികളുണ്ട്. ചോക്കലേറ്റും ബലൂണും സമ്മാനങ്ങളും നൽകിയാണ് നവാഗതരെ സ്കൂളുകൾ വരവേറ്റത്.

ഏപ്രിലിൽ പഠനം ആരംഭിച്ച ഇന്ത്യൻ സ്കൂളിലെ കുട്ടികൾ രണ്ടാംപാദ പഠനത്തിലേക്കു കടന്നെങ്കിലും തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിൽ പലരും എത്താതിരുന്നത് വിദ്യാർഥികളുടെ ആവേശം കുറച്ചു. എത്തിയവരാകട്ടെ നാട്ടുവിശേഷങ്ങൾ പങ്കുവച്ചും തനിനാടൻ മിഠായികളും സമ്മാനങ്ങളും ഉറ്റ ചങ്ങാതിമാർക്ക് സമ്മാനിച്ചും സമയം ചെലവഴിച്ചു. ആദ്യ ദിവസമായതിനാലും ഹാജർ നില കുറവായതിനാലും കാര്യമായ പഠനപ്രവർത്തനങ്ങൾ നടന്നില്ല. വെക്കേഷൻ ഹോം വർക്ക് പരിശോധിച്ചും കുട്ടികളുമായി വിശേഷങ്ങൾ പങ്കുവച്ചും അധ്യാപകർ ആദ്യ ദിനം ചെലവിട്ടു.

2 മാസത്തെ ഇടവേളയ്ക്കുശേഷം സഹപാഠികളെ കണ്ട സന്തോഷത്തിലായിരുന്നു മുതിർന്ന കുട്ടികൾ. ഇതേസമയം 9–12 ക്ലാസുകളിലെ കുട്ടികൾക്കു ക്ലാസുകൾ എടുത്തുതുടങ്ങി. ചെറിയ ക്ലാസുകളിൽ മുഴുവൻ കുട്ടികളും എത്തുന്നതുവരെ പാഠഭാഗങ്ങൾ റിവിഷൻ നടത്തുകയാണ് ചെയ്യുകയെന്ന് ചില സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ നേർന്നു.

അവധിക്കു നാട്ടിലേക്കു പോയി വിമാന ടിക്കറ്റ് വർധന മൂലം കുടുങ്ങിയവരുടെ ഇമെയിൽ പ്രളയമാണ് സ്കൂളുകളിലേക്ക്. വിമാന ടിക്കറ്റ് നിരക്ക് കുറയാൻ 2 ആഴ്ചയെങ്കിലും കഴിയുമെന്നും ഒരാഴ്ച കൂടി ലീവ് അനുവദിച്ചാൽ നാട്ടിൽ ഓണം കൂടി വരാമെന്നുമാണ് അപേക്ഷ.

സ്കൂൾ തുറന്നതോടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സുഗമമായ യാത്രയ്ക്ക് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നെങ്കിലും രാവിലെ ഓഫിസിൽ പോകുന്നവരോടൊപ്പം മക്കളെ കൊണ്ടുവിടാൻ രക്ഷിതാക്കളും റോഡിൽ ഇറങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു. പലരും വൈകിയാണ് ഓഫിസിൽ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.