സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്റ്റോണ്‍ എണ്ണ പൈപ്പ്ലൈന് പദ്ധതിക്കായി ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് അന്യായമാണെന്നും അമേരിക്കന്‍ നിര്‍മ്മിത ഉത്പന്നങ്ങളും ഉപകരണങ്ങളും ഉപകരണങ്ങളും മാത്രമേ നിര്‍മ്മാണത്തിന് ഉപയോഗിക്കാവൂ എന്നും സെനറ്റര്‍മാര്‍ പ്രസിഡന്റ് ട്രംപിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. പുതിയ പൈപ്പ്ലൈന് നിര്‍മാണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഇതുമായ് ബന്ധപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് തന്നെ ലഭ്യമാകണമെന്നും സെനറ്റര്‍മാര്‍ നല്കിയ കത്തില്‍ പറയുന്നതായാന് റിപ്പോര്‍ട്ടുകള്‍.
കാനഡയില്‍നിന്ന് ടെക്സാസിലേയ്ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനാണ് പൈപ്പ്ലൈന് നിര്‍മ്മിക്കാന്‍ അമേരിക്ക തയ്യാറായിരിക്കുന്നത്. കീസ്റ്റോണ്‍ എക്സ്.എല്‍ പൈപ്പ്ലൈന് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് ട്രാന്‍സ് കാനഡ കമ്പനിയാണ്. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. പാരിസ്ഥിക പ്രശ്നങ്ങളുയര്‍ത്തി സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.2008ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരിസ്ഥിതിവാദികളില്‍ നിന്നും ഭൂവുടമകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. പദ്ധതി ഭൂഗര്‍ഭ ജലമലിനീകരണത്തിനുടയാക്കും എന്നാണ് പരിസ്ഥിതിവാദികളുടെ നിലപാട്.
ഹരിതഗൃഹ വാതക പ്രഭാവം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, 8000 മില്യണ്‍ ഡോളര്‍ ചെലവു വരുന്ന ഈ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. അമേരിക്കയില്‍ നടപ്പാക്കി വരുന്നതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ പൈപ്പ്ലൈന് പദ്ധതികള്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്പന്നങ്ങള് ഉപയോഗിക്കുമെന്ന് ട്രംപ് അധികാരത്തില്‍ കയറിയയുടന്‍ ഉത്തരവിറക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല