സ്വന്തം ലേഖകന്‍: ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച മെല്‍ബണിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കാണപ്പെട്ട മൗലിന്‍ പിന്നീട് ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19കാരിയെ കാണാനായാണ് മൗലിന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സണ്‍ബറിയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു താമസം. ഇവിടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടന്നിരുന്ന മൗലിനെ എമര്‍ജന്‍സി ടീം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടി നിലവില്‍ റിമാന്‍ഡിലാണ്. ഇന്ത്യന്‍ പൗരനായ മൗലിന്‍ റാത്തോഡ് നാലു വര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല