സ്വന്തം ലേഖകൻ: വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം മുൻപ് ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി യുകെയിൽ യൂണിവേഴ്സിറ്റി പ്രവേശനം ലഭിച്ച് എത്തിയതാണ് കുഷ് പട്ടേൽ.
സഹവിദ്യാർഥികൾ നൽകുന്ന വിവരം അനുസരിച്ച് ഫീസ് അടയ്ക്കുന്നത് ഉൾപ്പടെയുള്ള നിരവധി സാമ്പത്തിക പ്രതിസന്ധികളിൽ യുവാവ് അകപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതിനിടയിലാണ് പത്ത് ദിവസങ്ങൾക്ക് കുഷ് പാട്ടേലിനെ കാണാതാകുന്നത്. ഇതേ തുടർന്ന് സുഹൃത്തുക്കൾ വെംബ്ലി പൊലീസിൽ പരാതിപ്പെട്ടിരുന്നു.
തുടർന്നു നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോഴ്‌സിന്റെ കാലാവധി പൂർത്തിയാകാറായതും യുകെയിൽ മറ്റൊരു തൊഴിൽ വീസയിൽ മാറാനുള്ള നീക്കങ്ങൾ വിജയിക്കാതിരുന്നതും കുഷിനെ ഏറെ വിഷമഘട്ടത്തിൽ എത്തിച്ചിരുന്നതായി സഹവിദ്യാർഥികൾ പറയുന്നു.
മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോണിലൂടെ സ്ഥിരമായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടിരുന്ന യുവാവ് ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 10ന് നടന്ന ഫോൺ വിളികൾക്ക് ശേഷം യുവാവിനെ കാണാതെയാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല