സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പുറത്തുവിട്ട് പോലീസ്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ്. മിസൗറി സര്‍വകലാശാല വിദ്യാര്‍ഥിയും തെലങ്കാന സ്വദേശിയുമായ ശരത് കൊപ്പു(26) വെള്ളിയാഴ്ച യാണ് വെടിയേറ്റ് മരിച്ചത്. റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് കന്‍സാസ് പൊലീസ് പുറത്തുവിട്ടത്.
ശരത്തിനെ വെടിവച്ചതെന്ന് സംശയിക്കുന്നയാളുടെ സി സി ടിവി ദൃശ്യം കന്‍സാസ് പോലീസ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. കന്‍സാസ് സിറ്റിയിലെ ഒരു ഭക്ഷണശാലയില്‍ വച്ചാണ് ശരത്തിന് വെടിയേറ്റത്. ഈ ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു ശരത്തെന്ന് പോലീസ് പറഞ്ഞു. ഭക്ഷണശാലയില്‍ കടന്ന ഒരു സംഘം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ശരത്തിന്റെ ബന്ധുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചു വെടിയുണ്ടകളാണ് ശരത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. തെലങ്കാന യിലെ വാറങ്കല്‍ സ്വദേശിയായ ശരത് ജനുവരിയിലാണ് അമേരിക്കയിലെത്തിയത്. കൊലപാതകിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളറാണ് (6,87,650 രൂപ) പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അനുശോചനവും രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ സഹായം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല