സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ റെസ്റ്റോറന്റില്‍ വെടിയേറ്റു മരിച്ചു നിലയില്‍. തെലങ്കാനയില്‍നിന്നുള്ള ശരത് കൊപ്പു (26) ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് ശരത്. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് മരിച്ച ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്നു. ഈവര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയത്. സംഭവം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല കന്‍സാസ് സിറ്റിയിലെ ബാറില്‍വച്ച് വെടിയേറ്റ് മരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല