സ്വന്തം ലേഖകൻ: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള എംബിഎ വിദ്യാർഥി സായ് തേജ (22) ഷിക്കാഗോയിൽ വെടിയേറ്റ് മരിച്ചു. പെട്രോൾ പമ്പിൽ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് സായ് തേജ മരിച്ചത്. മറ്റൊരു ജോലി ആവശ്യത്തിനായി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുകയായിരുന്നു വിദ്യാർഥി.
ഈ നേരത്താണ് പമ്പിലെത്തിയ അക്രമികൾ സായിക്ക് നേരെ വെടിയുതിർത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇയാൾ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോർട്ട്. മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിച്ചേക്കും. സംഭവത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി.
തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് സായ് തേജ. ഇന്ത്യയില്‍നിന്ന് ബിരുദം നേടിയ സായ് തേജ എംബിഎ പൂര്‍ത്തിയാക്കാനാണ് യുഎസിലേക്ക് പോയത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകന്റെ അഭ്യര്‍ഥനപ്രകാരം അയാളെ സഹായിക്കുകയായിരുന്നുവെന്നും തേജയുടെ മാതാപിതാക്കള്‍ പറഞ്ഞതായി മധുസൂദന്‍ താത്ത പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല