സ്വന്തം ലേഖകൻ: കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ വിദേശത്ത് മരിച്ചത് 403 ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2018 മുതല്‍ സ്വാഭാവിക മരണങ്ങളും മറ്റ് അപകടങ്ങളിലും മരിച്ചവരുടെ കണക്കാണിത്. 34 രാഷ്ട്രങ്ങളില്‍ കാനഡയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
91 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ മാത്രം മരിച്ചത്. യുകെ.യില്‍ 48 പേര്‍, റഷ്യയില്‍ 40, യുഎസില്‍ 36, ഓസ്‌ട്രേലിയയില്‍ 35, യുക്രൈനില്‍ 21, ജര്‍മനിയില്‍ 20, സൈപ്രസില്‍ 14, ഇറ്റലിയിലും ഫിലിപ്പീന്‍സിലുമായി 10 വീതം പേര്‍ എന്നിങ്ങനെയാണ് വിദേശത്ത് വെച്ച് ജീവന്‍ നഷ്ടമായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കണക്ക്.
വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭാവിയില്‍ ദൗര്‍ഭാഗ്യകരമായ പരിതസ്ഥിതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇന്ത്യന്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരണസംഖ്യയില്‍ ആശങ്ക രേഖപ്പെടുത്തിയപ്പോള്‍ വിദേശത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നായിരുന്നു വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയുടെ മറുപടി. ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം വിദ്യാര്‍ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അനിഷ്ടസംഭവങ്ങളില്‍ പ്രാദേശിക അധികാരികളുമായി കൂടിച്ചേര്‍ന്ന് നടപടി എടുക്കാറുണ്ടെന്നും ബാഗ്ചി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല