1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2024

സ്വന്തം ലേഖകൻ: യു.എസിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. 2023-24 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 3,31,602 വിദ്യാർഥികളാണ് യു.എസിൽ പഠിക്കാനെത്തിയത്. മുൻവർഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് യു.എസിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്.

യു.എസിലെ വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാരം 2022-23 വർഷം ഇന്ത്യൻവിദ്യാർഥികളുടെ എണ്ണം 2,68,923 ആയിരുന്നു. ഇപ്പോൾ 23 ശതമാനം വർധനയുണ്ടെന്ന് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 വർഷം 2,89,526 ചൈനീസ് വിദ്യാർഥികൾ യു.എസിൽ പഠിക്കാനെത്തിയ സ്ഥാനത്ത് 2,77,398 ആയി കുറയുകയായിരുന്നു. യു.എസിലെ ആകെ വിദേശ വിദ്യാർഥികളിൽ (11.27 ലക്ഷം) 29 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്.

ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്‌സ് ബിരുദത്തിന് പഠിക്കുന്നത്. മുൻവർഷത്തെക്കാൾ 19 ശതമാനം വർധന ഇവരുടെ എണ്ണത്തിലുണ്ടായി.

നൈപുണിവികസനത്തിനുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി.) കോഴ്‌സുകളിൽ 97000-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ചേർന്നു. മുൻവർഷത്തെക്കാൾ 41 ശതമാനം അധികമാണിത്. ബിരുദവിദ്യാർഥികളുടെ എണ്ണം 13 ശതമാനം വർധിച്ച് 36,000 ആയി. ഇന്ത്യയിൽ പഠിക്കുന്ന യു.എസ്. വിദ്യാർഥികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300-ൽനിന്ന് 1,300 ആയി വർധിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.