സ്വന്തം ലേഖകൻ: ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ഭയവും അനിശ്ചിതത്വവും പടരുന്നു. സര്‍വകലാശാലകളും കോളേജുകളും വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനുസമാനമായ യാത്ര-വീസ നിരോധനം ഏര്‍പ്പെടുത്തുമെന്ന ആശങ്കയാണ് കോളേജ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
2023-24 അധ്യയന വര്‍ഷത്തില്‍ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ യുഎസ് കോളേജുകളിലും സര്‍വ്വകലാശാലകളിലും ചേര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയാല്‍ ഇമിഗ്രേഷന്‍ നയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി (NYU), കോര്‍നെല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ (USC) തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ അവരുടെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സിഎന്‍എന്‍ വ്യക്തമാക്കി.
2017-ല്‍ ട്രംപ് ആദ്യമായി അധികാരമേറ്റപ്പോള്‍, പ്രധാനമായും ഏഴ് മുസ്‌ലിം രാജ്യങ്ങളെ ലക്ഷ്യമിട്ട് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ആയിരക്കണക്കിന് വിദേശ വിദ്യാര്‍ഥികള്‍ യുഎസില്‍ പുറത്താകുന്നതിന് കാരണമായി. തീവ്ര യുഎസ് വിരുദ്ധത പുലര്‍ത്തുന്ന രാജ്യങ്ങളേയും ഇത്തവണ ട്രംപ് യാത്ര നിരോധന പട്ടികയിലാക്കിയേക്കും.
ക്രമരഹിതമായ കുടിയേറ്റ പ്രശ്‌നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനയും മൂന്നാമത് ദക്ഷിണ കൊറിയക്കാരുമാണ്. ഇന്ത്യന്‍-ചൈനീസ് വിദേശ വിദ്യാര്‍ഥികളാണ് പകുതിയിലധികമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകളില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല