
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിശദീകരണമൊന്നുമില്ലാതെ അമേരിക്ക തിരിച്ചയച്ചെന്ന ആരോപണവുമായി വിദേശകാര്യമന്ത്രാലയം. മൂന്നുവര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികളെ തിരികെ അയച്ചുവെന്നാണ് ആരോപണം. കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്ധന് സിങ് പാര്‍ലമെന്റിനെ അറിയിച്ചു.
ആന്ധ്രയില്‍നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയാണ് ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചതിന്. പാര്‍ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് പരിഹാരനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
അംഗീകാരമില്ലാതെ തൊഴില്‍ ചെയ്യുക, പഠനം പാതിവഴിയില്‍ നിര്‍ത്തുക, സസ്പെന്‍ഷനും പുറത്താക്കലും, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് ജോലികളില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുക എന്നിവ തിരികെ അയക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നാണ് മന്ത്രി അറിയിച്ചത്. വിദ്യാര്‍ഥി വീസ റദ്ദാക്കിയതും കാരണമാവാം എന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല