സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതരെയും കണ്ടെത്തിയതായി പാക്ക് സര്‍ക്കാര്‍, സംഭവത്തില്‍ പാക്ക് ചാര സംഘടനക്ക് പങ്കില്ലെന്ന് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും കണ്ടെത്തി കറാച്ചിയില്‍ എത്തിച്ചതായി പാക്കിസ്ഥാന്‍ അറിയിച്ചത്.
ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവന്‍ നസീം നിസാമിയെയും (60) ആണ് ബുധനാഴ്ച കാണാതായത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്. ആശയവിനിമയ സംവിധാനങ്ങള്‍ തീരെയില്ലാത്ത സിന്ധ് പ്രവിശ്യയിലെ ഉള്‍പ്രദേശങ്ങളിലായിരുന്നതിനാലാണ് ഇരുവര്‍ക്കും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാകാതെ പോയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ നല്‍കുന്ന വിശദീകരണം.
ഇരുവരേയും കാണാതായതിനു പിന്നില്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് എട്ടിനാണ് ഇരുവരും കറാച്ചിയിലേക്കു പോയതെന്ന് സയ്യിദ് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി അറിയിച്ചു. ഇവിടെനിന്നു ലഹോറില്‍ ബാബാ ഫരീദ് ദേവാലയത്തിലേക്ക് ഇരുവരും പോയി. മാര്‍ച്ച് 14ന് ഇവര്‍ ലഹോറിലെ ഡേത്താ ദര്‍ബാര്‍ സൂഫി ദേവാലയത്തിലെത്തി.
കറാച്ചിയിലേക്കു പോകാന്‍ 15ന് വൈകുന്നേരം 4.30ന് ഇരുവരും ലഹോര്‍ വിമാനത്താവളത്തിലെത്തി. ഇവിടെവച്ച്, ചില രേഖകളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞ് നസീം നിസാമിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. സയ്യിദ് ആസിഫ് അലി നിസാമിനോടു യാത്ര തുടരാമെന്നും അറിയിച്ചു. പിന്നീട് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയി എന്ന ആശങ്ക പരക്കാന്‍ ഇടയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല