സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം തട്ടിയ നടത്തിയ ഇന്ത്യന്‍ അധ്യാപകനെ നാടുകടത്തും, ഒപ്പം 53,000 ഡോളര്‍ പിഴയും. ടെക്‌സസില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന ജോര്‍ജ് മരിയദാസിനെയാണ് 53,000 ഡോളര്‍ പിഴ ഈടാക്കി ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി വിധിച്ചത്. ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണെന്ന പേരില്‍ തട്ടിപ്പ് നടത്തിയതിനാണ് നടപടി.
ടെക്‌സസിലെ ഫോര്‍ട്ട് സ്‌റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു അമ്പത്തി ഒന്നുകാരനായ ജോര്‍ജ്. ഹൈദരാബാദിലെ പത്രങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യം നല്‍കി അവരില്‍ നിന്നും വലിയ തുകകള്‍ വാങ്ങുകയും അമേരിക്കയിലേക്ക് എത്തിയ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ശമ്പളത്തിന്റെ 15 ശതമാനം നിര്‍ബന്ധമായി വാങ്ങുകയും ചെയ്തതാണ് ഇയാള്‍ക്കെതിരായ കേസ്.
അധികൃതരുടെ അനുമതിയോ, അറിവോ ഇല്ലാതെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനും സ്‌റ്റോക്റ്റണ്‍ ഇന്‍ഡിപെന്റന്റ് വിദ്യാഭ്യാസ ജില്ലയ്ക്കും ഇടയില്‍ മദ്ധ്യവര്‍ത്തിയാണ് താനെന്ന അവകാശവാദം ഉന്നയിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. സമറിറ്റണ്‍ എഡ്യുക്കേഷണല്‍ സര്‍വീസസ് എന്ന കമ്പനിയുടെ മറ പിടിച്ചായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് അന്യായമായി പണം തട്ടിയത്.
ഇയാളുടെ വ്യാജ പ്രചരണം വിശ്വസിച്ച് 2012 ഡിസംബര്‍ മുതല്‍ 2016 മെയ് വരെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലാണ് അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ അധ്യാപകന്‍ ഒരു വര്‍ഷം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ഇത്രയും കാലം ശിക്ഷയായി പരിഗണിച്ചു ജയിലില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയിലേക്ക് നാടുകടത്താനാണ് കോടതിയുടെ വിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല