സ്വന്തം ലേഖകൻ: റഷ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ യാത്രചെയ്യാന്‍ അവസരമൊരുങ്ങുന്നു. 2025-ല്‍ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കണമെങ്കില്‍ റഷ്യന്‍ എംബസിയോ കോണ്‍സുലേറ്റുകളോ അനുവദിച്ച വീസ ആവശ്യമാണ്. വീസാ നടപടികൾ പൂർത്തിയാക്കുന്നതിന് ധാരാളം സമയം വേണ്ടതായും വരുന്നു. വീസയില്ലാതെയുള്ള യാത്ര അനുവദിച്ചാല്‍ യാത്ര കുറച്ചുകൂടി വേഗത്തില്‍ സാധ്യമാകുമെന്ന ഗുണവുമുണ്ട്.
ഇന്ത്യന്‍ സഞ്ചാരികള്‍ കൂടുതലായും ബിസിനസ് ആവശ്യങ്ങള്‍ക്കോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ആണ് റഷ്യയിലേക്ക് യാത്രചെയ്യുന്നത്. 2023-ല്‍ 60,000-ലധികം ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിച്ചു. 2022-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനത്തിന്റെ വര്‍ധനവ്.
2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാനായി ഇ-വീസകള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അനുവദിച്ചത് 9,500 ഇ-വീസകളാണ്.
കഴിഞ്ഞ വര്‍ഷം ഇ-വീസ ഏറ്റവുമധികം ലഭിച്ച ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംനേടിയിരുന്നു. നിലവില്‍ ഇന്ത്യക്കാർക്ക് ഇന്തോനീഷ്യ, തായ്ലന്ഡ് അടക്കം 62 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്രചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല