സ്വന്തം ലേഖകൻ: ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ അഞ്ച് രാജ്യങ്ങളിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. പ്രാദേശിക ക്യുആർ കോഡുകൾ വഴി പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുന്നത്. രാജ്യാന്തര ഡെബിറ്റ് കാർഡുകൾക്കു സമാനമായി, ഉപയോക്താക്കൾക്ക് ഇന്ത്യൻ ബാങ്കുകളിൽനിന്ന് വിദേശ കറൻസിയിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വിദേശ വിപണികളിൽ സിംഗപ്പൂർ, മലേഷ്യ, യുഎഇ, ഫ്രാൻസ്, ബെനെലക്സ് രാജ്യങ്ങൾ, നേപ്പാൾ, യുകെ എന്നിവ ഉൾപ്പെടുന്നു.
റുപേ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ ശൃംഖല ആഗോളതലത്തിൽ വിപുലീകരിക്കുന്നതിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട്, ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും പുതിയ മേഖലകളിൽ ഒന്നാണ് യൂറോപ്പ്. ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, സിംഗപ്പൂർ, മാലിദ്വീപ്, ഭൂട്ടാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങിൽ ഇനി പണമിടപാടുകൾ യുപിഐ വഴി നടത്താവുന്നതാണ്.
ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐ ഇന്റർഫേസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. കൂടുതൽ രാജ്യങ്ങളിലേക്കു യുപിഐ ഇടപാട് വ്യാപിപ്പിക്കാനും അതിലൂടെ ഇന്ത്യക്കാരുടെ യാത്രകൾ സുഗമമാക്കാനും കേന്ദ്രസർക്കാരിനു പദ്ധതിയുണ്ട്. അടുത്തുതന്നെ പത്തോളം യൂറോപ്യൻ രാജ്യങ്ങൾകൂടി യുപിഐ ഇടപാട് സ്വീകരിക്കാൻ തയാറാകുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല