1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2025

സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള ചർച്ചകൾ പുരോഗതിയിൽ. നാഷനൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജ്യൂക്കേഷൻ ക്വാളിറ്റി അഷ്വറൻസ് (എൻബിഎക്യൂ) പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള നടപടികളും അതിവേഗ പാതയിലെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർ‍ശനത്തിന് ശേഷമുണ്ടായ പുരോഗതികൾ സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കുന്നത് മാത്രമല്ല സുഷമ സ്വരാജ് ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി കുവൈത്തിലെ നയതന്ത്രജ്ഞർക്ക് ഇന്ത്യൻ ഫോറിൻ സർവീസ് അക്കാദമിയിൽ പരിശീലനം നൽകുന്നതിനുളള നടപടികളും ചർച്ചയിലാണെന്നും അംബാസഡർ വിശദമാക്കി.

ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ചും രാജ്യത്തെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളുടെയും ആശുപത്രികളുടെയും കാര്യത്തിൽ കൂടുതൽ പങ്കാളിത്തവും തേടുന്നുണ്ട്. നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുളള ആഴമേറിയ ബന്ധം പ്രതിഫലിപ്പിക്കുക മാത്രമല്ല സുപ്രധാന മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിലും കൂടുതൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജിസിസിയുമായി സ്വതന്ത്ര വ്യാപാരത്തിനുള്ള ചർച്ചകൾ പുരോഗതിയിലാണ്. ഭക്ഷ്യ സുരക്ഷ, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സംസ്കാരം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 7 പുതിയ ജോയിന്റ് വർക്കിങ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അടുത്ത ഏപ്രിലിൽ വൈവിധ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇന്ത്യൻ കയ്യെഴുത്തു പ്രതികൾ, കറൻസികൾ, സ്റ്റാംപുകൾ എന്നിവയുെട പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് നടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.