![](http://www.nrimalayalee.com/wp-content/uploads/2024/12/Screenshot-2024-12-22-165808-640x353.png)
സ്വന്തം ലേഖകൻ: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ വിദേശ യാത്രകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനായുളള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എട്ടുമാസം നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. യാത്രയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയത്തിന് തയ്യാറെടുക്കുകയാണ് മാര്‍പാപ്പ.
‘ഇന്ത്യ സന്ദര്‍ശിക്കുന്നതിൽ അതീവ തത്പരനാണ് മാര്‍പാപ്പ. കോവിഡുകാലത്ത് മാറ്റിവച്ച പല വിദേശയാത്രകളും ക്രിസ്തു-ജയന്തി ഉൾപ്പടെ 2025മായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഈവര്‍ഷം നടത്താനാണ് തീരുമാനം. ഇതിനു ശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ആലോചന നടത്തുക.
മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശന പട്ടികയിൽ ശിവഗിരിയും ഉൾപ്പെട്ടിട്ടുണ്ട്. കേരള സന്ദർശനവും മാർപ്പാപ്പയുടെ ആഗ്രഹങ്ങലുടെ പട്ടികയിൽ ഉണ്ട്. ഇന്ത്യാ സന്ദർശനത്തിന് കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. അത്രയും സമയം ലഭിക്കുമോ എന്നതാണ് മുന്നിലുളള വലിയ വെല്ലുവിളി. ആരോഗ്യം അനുവദിച്ചാൽ 2026നുള്ളിൽ ഉറപ്പായും മാർപ്പാപ്പ ഇന്ത്യയും കേരളവും സന്ദർശിക്കും’- കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യയിലേയ്ക്കുള്ള മാർപാപ്പയുടെ യാത്രയ്ക്ക് മതസൗഹാർദ്ദത്തിന്റെ തലവുമുണ്ട്. മാർപ്പാപ്പ ഇപ്പോൾ വീൽച്ചെയറിലായതിനാൽ യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലൊക്കെ തലസ്ഥാനത്തെത്തി ആളുകളെ കാണുകയാണ് പതിവെങ്കിലും ഇന്ത്യ പോലൊരു രാജ്യത്ത് അത് സാദ്ധ്യമല്ലെന്നും സാഹചര്യങ്ങൾ ഒത്തുവന്നാൽ ശിവഗിരിയിൽ മാർപ്പാപ്പ എത്തുമെന്നും ജേക്കബ് കൂവക്കാട് കൂട്ടിച്ചേർത്തു.
കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം തിരിച്ച് നാട്ടിലെത്തിയ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന് ചങ്ങനാശേരി എസ്ബി കോളജിലും സ്വീകരണം നല്‍കി. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്‍കി കോളജില്‍ സ്ഥാപിച്ച 150 കെവിയുടെ സൗരോര്‍ജപ്ലാന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം മാര്‍ ജോര്‍ജ് കൂവക്കാട്ട് നിര്‍വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല