സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 365 കോടി ചെലവു വരുന്ന അത്യാധുനിക ആയുധക്കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി ആര്‍ ഡി ഒക്ക് വേണ്ടി കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ അതീവ രഹസ്യമായാണ് നിര്‍മ്മാണം. ദീര്‍ഘദൂര മിസൈലുകളടക്കം ട്രാക്ക് ചെയ്യാനാകുന്ന അത്യാധുനിക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ അടങ്ങുന്ന ഈ ആയുധക്കപ്പലിന്റെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഡി ആര്‍ ഡി ഒ ലക്ഷ്യമിടുന്നത്.
അതേസമയം, ഇതുവരെ ഡി ആര്‍ ഡി ഒയോ കൊച്ചി കപ്പല്‍ശാലയോ പുതിയ പദ്ധതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി ഇരു കൂട്ടരും ആഗസ്റ്റ് അവസാനം ഒപ്പു വെച്ചതായി ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ സൂചന നല്‍കി. പുതിയ ആയുധക്കപ്പലിന്റെ നിര്‍മാണത്തിനായി ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ), ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിട്ടുവെന്ന് ഡി ആര്‍ ഡി ഒ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
130 മീറ്ററാണ് പുതിയതായി നിര്‍മിക്കുന്ന ആയുധക്കപ്പലിന്റെ നീളം. ആയുധക്കപ്പല്‍ തയ്യാറാകുന്നതോടെ ഇന്ത്യന്‍ നേവിക്ക് കൈമാറും. ശത്രു മിസൈലുകള്‍ കണ്ടെത്തുന്നതിന് പ്രത്യേക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ സഹിതമാണ് പുതിയ ആയുധക്കപ്പല്‍ സജ്ജമാകുക. ദീര്‍ഘദൂര മിസൈലുകള്‍ മനസ്സിലാക്കാനാകുന്നതിനൊപ്പം വിക്ഷേപിക്കുന്നതിനുള്ള സംവിധാനവും ഈ കപ്പലിലുണ്ടാകും.
കടലില്‍ നിന്ന് വിക്ഷേപിക്കാനാകുന്ന മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിലാണ് നാവികസേനയുടേയും ഡി ആര്‍ ഡി ഒയുടേയും ശ്രദ്ധ. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ടത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല