സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദേശനയം, ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റുകളാണ് ചൈനീസ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാസന്ദര്‍ശനത്തിനു മുന്‍പായി കഴിഞ്ഞ ഏപ്രിലിലാണു ചൈനീസ് സംഘത്തിന്റെ വെബ്‌സൈറ്റ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്.
ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വെബ്‌സൈറ്റുകളിലും ചൈനീസ് നുഴഞ്ഞുകയറ്റം പതിവാണെന്നും ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സുരക്ഷാരംഗത്തെ യുഎസ് വിദഗ്ധരായ ഫയര്‍ഐ എന്ന സ്ഥാപനത്തെ ഉദ്ധരിച്ചാണു വാര്‍ത്ത.
ഒരു ദശകമായി തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും സര്‍ക്കാരുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്തുന്ന ചൈനീസ് ഹാക്കര്‍മാര്‍ സജീവമാണെന്നാണു ഫയര്‍ഐയുടെ കണ്ടെത്തല്‍. ഇവര്‍ക്കു നൂതനമായ സാങ്കേതിക പരിജ്ഞാനവും അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്.
ചൈന ആസ്ഥാനമായ എപിടി30 എന്ന സൈബര്‍ സംഘത്തിന്റെ പ്രധാന ദൗത്യം ഇന്ത്യയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഇന്ത്യയുടെ വിദേശനയം സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി ശേഖരിക്കുന്നതായും ഫയര്‍ഐയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല