സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ വനിതയെ അജ്ഞാതര്‍ ബന്ദിയാക്കി, മോചന ശ്രമങ്ങള്‍ തുടരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് കൊല്‍ക്കൊത്ത സ്വദേശിനിയായ ജൂദിത്ത് ഡിസൂസ (40) എന്ന സ്ത്രീയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആഗാ ഖാന്‍ ഫൗണ്ടേഷന്റെ ടെക്‌നിക്കല്‍ അഡ്‌വൈസറായി ജോലി നോക്കുകയായിരുന്നു ജൂദിത്ത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. എന്നാല്‍ ഏതു സംഘടനയാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല.
ഇവരെ എത്രയും വേഗം മോചിപ്പിക്കുന്നതിനായി അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഡിസൂസയുടെ കുടുംബവുമായും കാബൂളിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ബന്ദിയാക്കപ്പെട്ട ഡിസൂസയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രത്യേക സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനില്‍ സജീവമായി നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ക്കു നേരെയും ഇന്ത്യന്‍ കമ്പനികള്‍ക്കു നേരെയും ആക്രമണങ്ങള്‍ പതുവു സംഭവമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല