
സ്വന്തം ലേഖകൻ: നാലുവർഷം മുൻപ് ന്യൂജഴ്സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം നൽകുമെന്ന് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). 2019ൽ കാണാതായ 29 വയസ്സുള്ള മയൂഷി ഭഗത്തിനെ കണ്ടെത്തുന്നതിനായാണ് അന്വേഷണ ഏജന്‍സി പൊതുജനത്തിന്റെ സഹായം തേടിയത്. 2019 ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
ജഴ്സിസിറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ 2019 ഏപ്രിൽ 29നു വൈകിട്ടാണ് മയൂഷി അവസാനമായി കണ്ടത്. കറുത്ത നിറത്തിലുള്ള ടീഷർട്ടും പൈജാമയുമായിരുന്നു വേഷം. 2019 മേയ് 1നാണ് മയൂഷി ഭഗത്തിനെ കാണാനില്ലെന്നു ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നൽകിയത്. സംഭവത്തിൽ ജഴ്സിസിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല. തുടർന്ന് എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു.
നാലുവർഷം പിന്നിട്ടിട്ടും മയൂഷിയെ കുറിച്ച് ഒരുവിവരവും അന്വേഷണസംഘത്തിന് ലഭിച്ചില്ല. തുടർന്നാണ് ഇപ്പോൾ എഫ്ബിഐ പൊതുജനത്തിന്റെ സഹായം തേടിയിരിക്കുന്നത്. മയൂഷിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികമായി നൽകുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ ജൂലൈയിലാണ് എഫ്ബിഐ മയൂഷിയെ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
1994ലാണ് മയൂഷിയുടെ ജനനം. ന്യൂയോര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുന്നതിനായി സ്റ്റുഡന്റ് വീസയിൽ 2016ലാണ് മാനുഷി യുഎസിൽ എത്തിയത്. 5 അടി 10 ഇഞ്ചാണ് ഉയരം. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ സംസാരിക്കാനറിയുന്ന യുവതിക്ക് ന്യൂജഴ്സിയിൽ സുഹൃത്തുക്കളുണ്ടെന്നും എഫ്ബിഐ വ്യക്തമാക്കി. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജേഴ്സി സിറ്റി പൊലീസിൽ അറിയിക്കണമെന്നും എഫ്ബിഐ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല