സ്വന്തം ലേഖകന്‍: ആമസോണിനെ പറ്റിച്ച് ഇന്ത്യന്‍ യുവതി സ്വന്തമാക്കിയത് 70 ലക്ഷത്തോളം രൂപ. ദീപന്‍വിത ഘോഷ് എന്ന 32 കാരിയാണ് ആമസോണിനെ പറ്റിച്ചത്. സംഭവത്തില്‍ ഹെന്നൂര്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങിയ ശേഷം രൂപസാദൃശ്യമുള്ള വസ്തുക്കള്‍ മടക്കി നല്‍കിയാണ് യുവതി പണം തട്ടിയത്. ഒരു വര്‍ഷമായി യുവതി സമാനരീതിയില്‍ തട്ടിപ്പ് തുടരുകയായിരുന്നു.
ആമസോണ്‍ പ്രതിനിധി ദെനു ടി. നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ അവസാനമാണ് തട്ടിപ്പുകാരി പിടിയിലായത്. വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളടക്കം 104 തവണയാണ് യുവതി ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്. വ്യാജ പേരുകള്‍ ഉപയോഗിച്ചാണ് യുവതി ആമസോണില്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നത്.
സാധനം കയ്യിലെത്തി 24 മണിക്കൂറിനകം യുവതി റിട്ടേണ്‍ അഭ്യര്‍ത്ഥന നല്‍കും. തുടര്‍ന്ന് രൂപസാദൃശ്യമുള്ള വ്യാജ വസ്തുക്കള്‍ തിരിച്ചയക്കും. ഇതോടെ പണവും യഥാര്‍ത്ഥ സാധനവും യുവതിക്ക് സ്വന്തമാകും. റീഫണ്ട് ചെയ്ത സാധനങ്ങളുടെ പാക്കറ്റ് ആമസോണ്‍ പരിശോധിക്കാറില്ലായിരുന്നു. ഈ പഴുത് മുതലെടുത്താണ് യുവതി ആമസോണിനെ പറ്റിച്ചത്. ഇതു പോലെ കഴിഞ്ഞ വര്‍ഷം സൈബരാബാദ് സ്വദേശിയായ 25 കാരന് ആമസോണിനെ പറ്റിച്ച് 36 ലക്ഷം രൂപ തട്ടിയതും വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല