ഇന്ത്യയില്‍നിന്നു നാല്‍പ്പതിനായിരം പേര്‍ക്കെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി നല്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. യൂറോപ്പില്‍ 40,000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുമെന്നു റിപ്പോര്‍ട്ട്. യുറോപ്യന്‍ യൂണിയനും ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബ്രിട്ടനില്‍ മാത്രം 12,000 ഇന്ത്യക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കും.
ഇന്ത്യയുമായുള്ള വാണിജ്യബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക ലേബര്‍ മാര്‍ക്കറ്റ് പരീക്ഷയില്ലാതെ നാല്‍പതിനായിരം ഇന്ത്യക്കാര്‍ക്കു തൊഴിലവസരമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആറു മാസം അവിടെ താമസിച്ചു ജോലി ചെയ്യാന്‍ അനുമതി ലഭിക്കും. വളരെ രഹസ്യമായായിരുന്നു നിര്‍ദേശമെങ്കിലും ഇതു മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടുകയായിരുന്നു. യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ കോപ്പിയില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.
ഇന്ത്യയിലേക്കു കയറ്റുമതി കരാറുകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണു യൂറോപ്യന്‍ യൂണിയന്റെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ജോലി നല്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന നാല്‍പ്പതിനായിരത്തില്‍, പന്ത്രണ്ടായിരം പേര്‍ക്കു ജോലി നല്കേണ്ട ചുമതല ബ്രിട്ടനാണ്. കര്‍ശനമായ കുടിയേറ്റ നിയമങ്ങളാണു ബ്രിട്ടനില്‍ പ്രാബല്യത്തിലുള്ളത്.
ഇന്ത്യക്കാര്‍ക്കു ജോലി നല്കണമെന്ന പ്രത്യേക നിര്‍ദേശമാണു ബ്രിട്ടനു നല്കിയിട്ടുള്ളത്. കൂടുതല്‍ പേര്‍ക്കു ജോലി നല്കേണ്ട ബാധ്യത ബ്രിട്ടനാണെങ്കിലും ജര്‍മനിയും ഫ്രാന്‍സുമടക്കമുള്ള മറ്റു പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കു ജോലി നല്കണമെന്നു രഹസ്യരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജര്‍മനി എണ്ണായിരം ഇന്ത്യക്കാര്‍ക്കെങ്കിലും ജോലി നല്കണമെന്നാണു നിര്‍ദേശം.
ആറായിരം ഇന്ത്യക്കാര്‍ക്കു ജോലി കൊടുക്കണമെന്നാണു ഫ്രാന്‍സിനുള്ള നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം മലയാളികളടക്കമുള്ള ഇന്ത്യയില്‍നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തല്‍. അതേസമയം, രഹസ്യസര്‍ക്കുലറിനെക്കുറിച്ച് ഒരു രാജ്യവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല