സ്വന്തം ലേഖകൻ: സന്ദർശക വീസയിലൂടെ തായ്‌ലാൻഡിൽ എത്തുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് ലാവോസിൽ എത്തിച്ച് തൊഴിൽ തട്ടിപ്പിനിരയാക്കുന്നത് കൂടുന്നു. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ കോൾ സെന്റർ-ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ പങ്കാളികളായ കമ്പനികളിലേക്കാണ് ഇന്ത്യക്കാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നത്.
വിവിധ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ സപ്പോർട്ട് സർവീസ് മേഖലയിൽ ഒഴിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ചില നഗരങ്ങളിലും ദുബായ്, ബാങ്കോക്ക്, സിങ്കപ്പൂർ തുടങ്ങിയ ഇടങ്ങളിലുമുള്ള ഏജന്റുമാർ അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. വീസയും ഉയർന്ന ശമ്പളവും ഹോട്ടൽ താമസവും റിട്ടേൺ വിമാന ടിക്കറ്റുകളുമടക്കം വാഗ്ദാനം ചെയ്താണ് ഇവിടെ ആളുകളെ എത്തിക്കുന്നത്.
ലാവോസിലെത്തിക്കഴിഞ്ഞാൽ ലഭിക്കുക കഠിനമായ ജോലികളാണ്. സ്പെഷ്യൽ ഇക്കണോമിക് മേഖലയ്ക്കു പുറത്ത് ഖനനം, തടിഫാക്ടറി തുടങ്ങിയ മേഖലകളിലാകും ജോലി. നിരവധി ഇന്ത്യക്കാരെ ലാവോസിലെ എംബസിയുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ലാവോസിലെ ജോലിയുടെ പേരിലുള്ള തട്ടിപ്പിൽ ജാഗ്രത പുലർത്താൻ അവിടത്തെ ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തായ്‌ലാൻഡിലേക്കും ലാവോസിലേക്കും വീസ ഓൺ അറൈവലാണ്. ടൂറിസ്റ്റ് വീസകളിൽ ലാവോസിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആ രാജ്യം വർക്ക് പെർമിറ്റ് നൽകുന്നില്ല. മാത്രമല്ല, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് ലാവോസിൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറുകണക്കിന് ഇന്ത്യക്കാർ ലാവോസിൽ തൊഴിൽ തട്ടിപ്പിനിരയായി. ചിലരെ യൂറോപ്പ്, USA., കാനഡ എന്നിവിടങ്ങളിലെ ആളുകളെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററുകളിൽ സൈബർ തട്ടിപ്പ് ജോലിക്ക് നിർബന്ധിച്ച് അയച്ചതായും വിവരമുണ്ട്. തായ്‌ലാൻഡിലെത്തിയവരുടെ പാസ്‌പോർട്ടും ഫോണും എടുത്ത ശേഷം ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ ഏരിയയിൽ ബന്ദികളാക്കിയ സംഭവവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല