1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2024

സ്വന്തം ലേഖകൻ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്‌ളാദ്മിര്‍ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്.

തിങ്കളാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും പുതിനും കൂടിക്കാഴ്ച നടത്തിയത്. മോദിയെ പുതിന്‍ സ്വാഗതം ചെയ്തു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്യുകയുമുണ്ടായി. ഇരുവരും സ്വകാര്യകൂടിക്കാഴ്ച നടത്തിയ ശേഷം അത്താഴവിരുന്നിലും പങ്കെടുത്തു.

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈനികര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. കബളിപ്പിക്കപ്പെട്ട് എത്തിച്ചേർന്ന മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്താണ് ഏജന്റുമാരാണ് ഇവരെ റഷ്യയിലേക്കെത്തിച്ചത്.

രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍വരവേല്‍പ്പാണ് റഷ്യ നല്‍കിയത്. മോസ്‌കോയിലെ നുകോവോ അന്താരാഷ്ട്രവിമാനത്താ വളത്തില്‍ റഷ്യന്‍ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍തുറോവ് മോദിയെ സ്വീകരിച്ചു.

വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിന്‍-മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. പത്തുവര്‍ഷംകൊണ്ട് റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായതെന്നും സമാധാനവും സ്ഥിരതയും പുലര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി എക്‌സില്‍ കുറിച്ചു.

സ്വീകരിക്കാന്‍ കാള്‍ട്ടണ്‍ ഹോട്ടലിനുപുറത്ത് എത്തിയ ഇന്ത്യന്‍ പ്രവാസിസമൂഹത്തെ മോദി അഭിവാദ്യംചെയ്തു. അഞ്ചുവര്‍ഷത്തിനുശേഷമാണ് മോദി റഷ്യയിലെത്തുന്നത്. 2019-ലാണ് ഇതിനുമുമ്പ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച മോദി ഓസ്ട്രിയയിലേക്കു പോകും. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.