ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നിതിന്‍ ഗാര്‍ഗ് കൊല്ലപ്പെട്ട സംഭവത്തില്‍ മെല്‍ബണിലെ സുപ്രീം കോടതി പതിനേഴുകാരനു 13 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരനാണെന്നു കണ്‌ടെത്തിയ കൗമാരപ്രായക്കാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോളിളക്കമുണ്ടാക്കിയ ഈ സംഭവം ഇന്ത്യ- ഓസ്‌ട്രേലിയ നയതന്ത്രബന്ധത്തെ പോലും ബാധിച്ചിരുന്നു.
പഞ്ചാബില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ നിതിന്‍ ഗാര്‍ഗ് എന്ന 21കാരന്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് കൊല്ലപ്പെട്ടത്. കവര്‍ച്ചശ്രമത്തിനിടെ ഗാര്‍ഗിനെ കുത്തിക്കൊല്ലുകയാണുണ്ടായത്. കൊലപാതകം, കവര്‍ച്ചശ്രമം എന്നീ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ സമ്മതിച്ചു. വംശീയാക്രമണം എന്നതിനേക്കാള്‍ കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന വസ്തുതയാണ് കോടതി നിരീക്ഷിച്ചത്.
നിതിന്‍ ഗാര്‍ഗ് വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ ഉന്നതവിദ്യാഭ്യാസം തേടിയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന മെല്‍ബണിലെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലേക്ക് രാത്രി നിതിന്‍ നടന്നുപോകുമ്പോഴായിരുന്നു സംഭവം. നിതിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ കൌമാരക്കാരന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ നിതിന്റെ വയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല