സ്വന്തം ലേഖകൻ: ഷെങ്കന്‍ വീസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വീസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വീസ നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരമാകും.
അമേരിക്കയിലേക്കും യുകെയിലേക്കും ദീര്‍ഘകാല വീസകള്‍ ലഭ്യമാവുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വീസയ്ക്ക് ചെറിയ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്. കുറഞ്ഞ കാലാവധിയും സങ്കീര്‍ണമായ നടപടിക്രമങ്ങളുമായിരുന്നു ഷെങ്കന്‍ വീസയുടെ പരിമിതികള്‍. സ്ഥിരമായി യൂറോപ്യന്‍ യാത്ര നടത്തിയിരുന്ന സഞ്ചാരികള്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചിരുന്നത്. ഒരുപാട് പണവും സമയവും ഇതിനായി ചിലവഴിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ പുതുതായി ഏര്‍പ്പെടുത്തിയ ‘കാസ്‌കേഡ്’ സംവിധാനം അനുസരിച്ച് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വീസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് സാധാരണ ഷെങ്കന്‍ വീസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഈ വീസ ലഭിക്കുക. ഈ വീസയുടെ കാലാവധി പൂര്‍ത്തിയായാല്‍, പാസ്‌പോര്‍ട്ടിന് വാലിഡിറ്റിയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തെ വീസയായിരിക്കും തുടര്‍ന്ന് ലഭിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ വീസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വീസയുള്ളവര്‍ക്കും ലഭിക്കും.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ഏപ്രില്‍ 18നാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 1985ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്. അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വീസയുടെ പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല