സ്വന്തം ലേഖകൻ: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്‍റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്.
വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യുക്രൈയിനുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ആർമി സെക്യൂരിറ്റി ഹെൽപ്പർ എന്ന തസ്തികയിൽ ജോലി വാഗ്ദാനംചെയ്താണ് തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നും സൂഫിയാൻ ബന്ധുക്കളെ അറിയിച്ചു.
ദുബായിൽവെച്ചായിരുന്നു റിക്രൂട്ട്മെന്റ് ഏജന്റുമാരുമായി യുവാക്കൾ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ശേഷം 2023 നവംബറിൽ ദുബായിയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് 2023 ഡിസംബറിൽ ചെന്നൈയിൽനിന്ന് വിസിറ്റിങ് വീസയിലാണ് ഇവർ റഷ്യയിലെത്തിയത്. 30,000 മുതൽ 40,000 രൂപവരെ ശമ്പളം വാങ്ങിയിരുന്ന യുവാക്കൾക്ക് രണ്ട് ലക്ഷം രൂപയാണ് റഷ്യയിലെ ജോലിയ്ക്ക് ദുബായിയിലെ ഏജന്റുമാർ വാഗ്ദാനംചെയ്തത്. ഇതിനായി ഓരോരുത്തരിൽനിന്നും മൂന്നര ലക്ഷം രൂപ വീതം ഏജന്റുമാർ കൈക്കലാക്കിയതായും യുവാക്കളിൽ ഒരാളുടെ ബന്ധു പറഞ്ഞു. റഷ്യൻഭാഷയിൽ എഴുതിയ ധാരണപത്രത്തിലാണ് ഇവർ ഒപ്പിട്ടിരുന്നത്.
റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പിലേക്കാണ് ഇവർ എത്തിയിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. 15 ദിവസം മുമ്പ് സൂഫിയാനുമായി സംസാരിച്ചിരുന്നതായി സഹോദരൻ സെയ്ദ് സൽമാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുക്രൈയിൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ ദൂരെയാണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും നിർബന്ധിച്ച് ഇവിടേയ്ക്ക് അയക്കുകയായിരുന്നെന്നുമാണ് സൂഫിയാൻ പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി.
ഒരു റഷ്യൻ സൈനികന്റെ ഫോൺ ഉപയോഗിച്ചായിരുന്നു സൂഫിയാൻ താനുമായി ആശയവിനിമയം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ അറുപതോളം യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായി റഷ്യയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിൻ 2014-ൽ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നർ അഥവാ വാഗ്നർ പട്ടാളം.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവർ. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടന കൂടിയാണ് ഇത്. സ്വകാര്യ സൈന്യമായാണ് വാഗ്നർ സൈനികർ സ്വയം വിശേഷിപ്പിക്കുന്നത്. റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.ആർ.യു.വിൽ 2013 വരെ പ്രവർത്തിച്ച ലഫ്. കേണൽ ദിമിത്രി ഉത്കിനാണ് ഇവരുടെ സൈന്യത്തെ നയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല