1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2024

സ്വന്തം ലേഖകൻ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗുജറാത്ത് സ്വദേശിക്ക് ദാരുണാന്ത്യം. ഫെബ്രുവരി 21ന് ഡോണ്‍ട്സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.

അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹെമിലിനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം പിതാവ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചിരുന്നതായി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് വിന്യസിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും അതില്‍ ചിലരെയെങ്കിലും റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഹെമിലിന്റെ മരണവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

യുദ്ധത്തിനിടയില്‍ ഹെമിലിന് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നുവെന്ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ സമീര്‍ അഹമ്മദ് പറയുന്നു. ”ഒരു ഡ്രോണ്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഞാന്‍ ഒരു കിടങ്ങുണ്ടാക്കുകയും, വെടിവെക്കുന്നതെങ്ങനെയെന്ന് ഹെമില്‍ പഠിക്കുകയുമായിരുന്നു. പെട്ടെന്ന് സ്‌ഫോടന ശബ്ദം കേട്ടു.

ഞാനും മറ്റ് രണ്ട് ഇന്ത്യക്കാരും റഷ്യന്‍ സൈനികരോടൊപ്പം കിടങ്ങിനുള്ളില്‍ ഒളിച്ചു നിന്നു. പിന്നാലെ ഭൂമിയെ കുലുക്കി കൊണ്ട് മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം ഞങ്ങള്‍ പുറത്ത് ഇറങ്ങിവന്നപ്പോള്‍ ഹെമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്”, അദ്ദേഹം പറഞ്ഞു.

ഹെമിലിന്റെ മരണത്തോടെ ഭയപ്പെട്ട ഇന്ത്യക്കാര്‍ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു കരാറില്‍ ഒപ്പിടണമെന്ന് റഷ്യന്‍ കമാന്‍ഡര്‍ നിര്‍ദേശിച്ചതായും അഹമ്മദ് പറയുന്നു. ഹെമിലിന്റെ മൃതശരീരം രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ലഭിക്കുകയുള്ളൂവെന്നും കമാന്‍ഡര്‍ അറിയിച്ചതായി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ഇന്ത്യക്കാരന്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്നും ഹെമിലിന്റെ ശരീരത്തിലെ മുറിവുകളും ചോരയില്‍ മുങ്ങിയ വസ്ത്രവും കാണാം. ഫെബ്രുവരി 21ന് നടന്ന ആക്രമണത്തില്‍ ഹെമിലടക്കം നാല് ഇന്ത്യക്കാരാണ് പങ്കെടുത്തതെന്ന് മറ്റൊരു ഇന്ത്യക്കാരനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടതില്‍ ഒരു നേപ്പാളിയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റഷ്യന്‍ അധികാരികളെ സമീപിച്ചിരുന്നു. 12 ഇന്ത്യക്കാര്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ വാഗ്‌നര്‍സേനയില്‍ ചേര്‍ന്ന് അധിനിവേശ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു.

റഷ്യയുടെ സൈനിക സുരക്ഷാ സഹായികള്‍ ആയി ജോലി നേടി നല്‍കാമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാര്‍ റഷ്യയിലേക്ക് അയച്ചത് എന്നാണ് വിവരം. ഇത്തരത്തില്‍ എത്തിയവര്‍ എല്ലാം ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ രാജ്യം വിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന.

റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയില്‍ മരിയോപോള്‍, ഖാര്‍കിവ് , റോസ്‌തോവ്-ഓണ്‍-ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.