ബ്രിട്ടനിലെ ഭൂമിക്ക് തീവിലയുള്ള മേഫെയര്‍ കൊമേര്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഇന്ത്യന്‍ ഭൂവുടമകള്‍ റഷ്യക്കാരെ കടത്തി വെട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 881 മില്യണ്‍ പൗണ്ടാണ് ഇന്ത്യന്‍ പണക്കാര്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ചെലവഴിച്ചത്. ഭൂമി വില്‍പ്പനയുടെ 25% കയ്യടക്കി മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ ഭൂമി കച്ചവടക്കാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യക്കാര്‍.
2013 ല്‍ 440 മില്യണ്‍ പൗണ്ടാണ് വീടുകള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ക്രയവിക്രയം ചെയ്യപ്പെട്ടത്. മേഫെയറും ബെല്‍ഗ്രാവിയയുമാണ് ഏറ്റവും വിലപിടിച്ച പ്രദേശങ്ങള്‍. മേഫെയര്‍ എസ്റ്റേറ്റ് എജന്‍സി വിതറലിന്റെ കണക്കനുസരിച്ച് ഓരോ വേനല്‍ക്കാലത്തും ഏതാണ്ട് 3,000 ഇന്ത്യന്‍ അതിസമ്പന്ന കുടുംബങ്ങളാണ് മേഫെയറില്‍ താമസിക്കാനെത്തുന്നത്. ഇതില്‍ നല്ലൊരു ശതമാനം സ്വന്തമായി വാങ്ങുന്ന വീടുകളാണ്. ബാക്കിയുള്ളവര്‍ വാടക വീടുകളിലും ആഡംബര ഹോട്ടലുകളിലും താമസിക്കുന്നു.
മേഫെയര്‍, സെന്റ് ജോണ്‍സ്, ബെല്‍ഗ്രാവിയ എന്നിവിടങ്ങളായി 221 വാസയോഗ്യമായ കെട്ടിടങ്ങള്‍ ഇന്ത്യക്കാരുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. മൊത്തത്തില്‍ 450 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കച്ചവടമാണിത്. മധ്യ ലണ്ടനില്‍ നടക്കുന്ന നാലില്‍ ഒരു ഭൂമി കച്ചവടം ഇന്ത്യക്കാരുടേതാണ് എന്നതാണ് സ്ഥിതി. ബ്രിറ്റീഷുകാര്‍ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഇന്ത്യക്കാരുടെ സ്ഥാനം.
ഏറെക്കാലമായി റഷ്യക്കാരുടെ കുത്തകയായിരുന്നു ലണ്ടനിലെ ഭൂമി ഇടപാടുകള്‍. എന്നാല്‍ പുതിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നോട്ടു വന്നതോടെ അവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 306 മില്യണ്‍ പൗണ്ട് മുടക്കി കാനഡയുടെ എംബസി കെട്ടിടം സ്വന്തമാക്കിയ ലോധ ഗ്രൂപ്പ്, ലക്‌സ്ലോ, അയോണ്‍ എന്നിവരാണ് ഇന്ത്യന്‍ ഭൂവുടമകളില്‍ വമ്പന്മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല