ടീം ഇന്ത്യയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് രാഹുല്‍ ദ്രാവിഡ്. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനായി ടീം ഇന്ത്യ തയ്യാറെടുക്കുകയാണെന്നും ദ്രാവിഡ് പറഞ്ഞു. ടീമില്‍ അഭിപ്രായഭിന്നതയുണ്ടെന്ന ഓസീസ് മാധ്യമ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ മുപ്പത്തിയൊമ്പതാം ജന്‍മദിനമായിരുന്നു ഇന്നലെ. ജന്‍മദിന ആഘോഷവേളയിലാണ് ദ്രാവിഡ് ഓസീസ് മാധ്യമ റിപ്പോര്‍ട്ട് നിഷേധിച്ചത്.
സെവാഗും ക്യാപ്‌റ്റന്‍ ധോണിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണെന്ന് ‘സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്’ എന്ന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടീമിലെ സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും തമ്മില്‍ സാമ്പത്തികമായി വലിയ അന്തരം നിലനില്‍ക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടീം ഇന്ത്യക്ക് തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ‘നാല്‍വര്‍ സംഘം’ തിളങ്ങണമെന്ന് യുവരാജ്. ടീം ഇന്ത്യക്ക് വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്നാണ് കരുതുന്നതെന്നും യുവരാജ് പറഞ്ഞു.
ടീം ഇന്ത്യക്ക് മികച്ച പ്രകടനം നടത്തണമെങ്കില്‍ ബാറ്റിംഗില്‍ വിരേന്ദ്ര സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണന്‍ എന്നിവര്‍ തിളങ്ങണം. ഈ നാലുപേരും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാല്‍ ടീം ഇന്ത്യക്ക് അടുത്ത ടെസ്റ്റില്‍ മികച്ച തിരിച്ചുവരവ് നടത്താനാകും- യുവരാജ് പറഞ്ഞു.
ടീം ഇന്ത്യയില്‍ ഭിന്നതയുണ്ടെന്ന ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് യുവരാജ് തള്ളിക്കളഞ്ഞു. ടീം പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ടീമില്‍ എന്തെങ്കിലും ഭിന്നതയുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് യുവരാജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല