ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി അമേരിക്കയിയിലെ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് ഇന്ത്യാസ് ഡോക്യുമെന്ററി അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചത്. ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ മെറില്‍ സ്ട്രിപ്പ്, സ്ലംഡോഗ് മില്യണറിലൂടെ പ്രശസ്തയായ സിനിമാ താരം ഫ്രീഡാ പിന്റോ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഡോക്യുമെന്ററിയുടെ അമേരിക്കയിലെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
പ്രശസ്ത ടെലിവിഷന്‍ അവതാരക ടീന ബ്രൗണ്‍, യു.എന്‍ പ്രതിനിധി വലേരി ആമോസ്, ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരും പങ്കെടുത്തു. ന്യുയോര്‍ക്കിലെ ബറൂച്ച് കോളജ് ഓഫ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ തീയറ്ററിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. നിര്‍ഭയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മെറില്‍ സ്ട്രിപ്പിന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് മൗനമാചരിച്ചു.
ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടി ഇത്രനാള്‍ ഇന്ത്യയുടെ മകളായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ നമ്മുടെയും കൂടി മകളാണെന്ന് ചടങ്ങില്‍ സംസാരിച്ച മെറില്‍ സ്ട്രിപ്പ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ ആഗോള ക്യാംപെയ്‌ന് ഇവിടെ നിന്ന് തുടക്കം കുറിക്കുകയാണെന്ന് നിര്‍ഭയ ഡോക്യുമെന്ററിയുടെ സംവിധായിക ലെസ്ലി ഉദ്‌വിന്‍ പറഞ്ഞു. ലിംഗ സമത്വം നടപ്പിലായാല്‍ മാത്രമെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും ലെസ്ലി ഉദ്‌വിന്‍ പറഞ്ഞു.
ഗ്ലോബല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷ്ണലിന്റെ അംബാസിഡറായ ഫ്രീഡാ പിന്റോയും ചടങ്ങില്‍ പങ്കെടുത്തു. പെണ്‍കുട്ടികളെ അതിക്രമങ്ങളില്‍നിന്നും സെക്‌സ് ട്രാഫിക്കിംഗില്‍നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ചാരിറ്റി സംഘടനയാണിത്. ചടങ്ങിന് മുന്നോടിയായി ബിബിസി ന്യൂസിന്റെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് ഫ്രീഡാ പിന്റോ ഡോക്യുമെന്ററിക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു. മനുഷ്യന്റെ ചിന്താഗതി മാറുന്നതിനെക്കുറിച്ചും മനോഗതി മാറുന്നതിനെക്കുറിച്ചും സംസാരിക്കുന്ന ഈ ഡോക്യുമെന്ററി എല്ലാവരെയും കാണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഫ്രീഡാ പിന്റോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല