1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അസമില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോലസാദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചതിന്റെ ആഘോഷങ്ങള്‍ക്ക് അതോടൊപ്പം തുടക്കമാകും.

60 ടണ്‍ ബാറ്റില്‍ ടാങ്ക് ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം മുംബൈയിലെ ബാന്ദ്രാവര്‍ളി പാലത്തിന്റെ ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കുക. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമെന്ന ബഹുമതി 3.55 കിലോമീറ്റര്‍ നീളമുളള മുംബൈയിലെ പാലത്തിനാണ്. എന്നാല്‍ ധോലാ സാദിയാ പാലം തുറക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കാഴ്ചകളില്‍ ഒന്നായി ഇത് മാറും.

പാലം കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചലിനെയും അസമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. സൈന്യത്തിനും മറ്റും കൂടുതല്‍ ഉപകാരപ്പെടുമെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദാ സോനോവാള്‍ പറഞ്ഞു. 2011 ല്‍ പണിയാരംഭിച്ച പാലം മിലിട്ടറി ടാങ്കുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ 950 കോടി ചെലവഴിച്ചാണ് ആസാം സര്‍ക്കാര്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കുവെയ്കുന്ന മേഖലയായതിനാല്‍ അടിയന്തിര സൈനിക നീക്കത്തിനും മറ്റും പാലം ഗുണകരമാകും എന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. അസം തലസ്ഥാനമായ ദിസ്പൂരില്‍ നിന്നും 540 കിലോമീറ്ററും അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്ററും അകലെയായി കിടക്കുന്ന പാലം ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും 100 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. ധോല വരെയുള്ള 375 കിലോമീറ്ററിനിടയില്‍ ബ്രഹ്മപുത്രയ്ക്ക് കുറുകെ നിലവില്‍ ഒരു പാലവുമില്ല.

പാലം തുറക്കുന്നതോടെ അരുണാചലിലെയും അസമിലെയും യാത്രാസമയം നാലു മണിക്കൂറോളമാണ് കുറയുക. വിമാനത്താവളമില്ലാത്ത അരുണാചല്‍ പ്രദേശിനാണ് ഇത് കൂടുതല്‍ ഗുണകരമാകുക. തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനായ തിന്‍സൂകിയയിലേക്കും ദിബ്രൂഗര്‍ വിമാനത്താവളത്തിലേക്കും പാലത്തിലൂടെ എളുപ്പം എത്തിച്ചേരാനും കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.