സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടിയ തൃശൂര്‍ പാറന്നൂര്‍ സ്വദേശി കുഞ്ഞന്നം അന്തരിച്ചു. 113 വയസായിരുന്നു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്ക്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കേച്ചേരി സ്വദേശിയായ കുഞ്ഞന്നം സഹോദരന് ജോസിനോടൊപ്പം പാറന്നൂരിലാണ് താമസിച്ചിരുന്നത്. ആരോഗ്യം മോശമായതോടെ കുഞ്ഞന്നത്തിന് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല. കുഴല്‍ വഴി മൂക്കിലൂടെ ഭക്ഷണം നല്‍കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെ കുഞ്ഞന്നം മരണത്തിന് കീഴ്ടടങ്ങുകയായിരുന്നു.
നേരത്തെ 1903 മെയ് 20 ന് നടന്ന കുഞ്ഞന്നത്തിന്റെ മാമോദീസ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി അവരെ അംഗീകരിച്ചത്. എരനെല്ലൂരിലെ അവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിലായിരുന്നു മാമോദീസാ ചടങ്ങ് നടന്നത്.
ഏറെ ദൂരം നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞന്നം പൂര്‍ണ സസ്യാഹാരിയും ആയിരുന്നു. നീണ്ട നടത്തങ്ങളും സസ്യാഹാരവുമാണ് തന്നെ ഈ പ്രായത്തിലും ആരോഗ്യവതിയാക്കി നിലനിര്‍ത്തുന്നതെന്ന് കുഞ്ഞന്നം പറയുമായിരുന്നെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് കുറച്ചു ദിവസം മുമ്പുവരെ കുഞ്ഞന്നത്തിന്റെ കാഴ്ച, കേള്‍വി, സംസാര ശേഷി എന്നിവക്ക് കാര്യമായ തകരാറൊന്നും സംഭവിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല