സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയം, ചെലവു കുറഞ്ഞ ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വപ്പ്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍(ആര്‍.എല്‍.വി ടി.ഡി.) എന്നു വിളിക്കുന്ന പേടകം ബഹിരാകാശ യാത്രക്കൊടുവില്‍ വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി. പേടകം വൈകാതെ കണ്ടെടുക്കും.
എന്നാല്‍ പദ്ധതി പൂര്‍ണമായി നടപ്പാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. യഥാര്‍ഥ പേടകത്തിന്റെ ആറിലൊന്നു വലിപ്പമുള്ള ഉപകരണമാണു വിക്ഷേപിച്ചത്.
പദ്ധതി പൂര്‍ണവിജയമാകുന്നതോടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങള്‍ക്കായുള്ള മത്സരത്തില്‍ നാസക്കും റഷ്യയുടെ റോസ്‌കോസ്‌മോസിനും ഒപ്പം ഐ.എസ്.ആര്‍.ഒയും സ്ഥാനം പിടിക്കും. അമേരിക്കയിലെ സ്വകാര്യ സംരംഭമായ സ്‌പേസ് എക്‌സാണ് സ്‌പേസ് ഷട്ടില്‍ ഉള്ള മറ്റൊരു ഏജന്‍സി.
ഇന്നലെ രാവിലെ ഏഴുമണിക്കായിരുന്നു ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു ആര്‍.എല്‍.വി ടി.ഡി. വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 65 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണു പേടകം മടങ്ങിയെത്തിയത്. പരീക്ഷണം 770 സെക്കന്‍ഡ് നീണ്ടു. ശബ്ദത്തിന്റെ അഞ്ചിരട്ടി(ശബ്ദവേഗം= സെക്കന്‍ഡില്‍ 340.29 മീറ്റര്‍ ) വേഗത്തിലാണു ആര്‍.എല്‍.വി ഭൂമിയിലേക്കു മടങ്ങിയത്. ഈ ഘട്ടത്തില്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ഉണ്ടായ കൊടുംചൂടിനെയും ആര്‍.എല്‍.വി. വിജയകരമായി തരണം ചെയ്തു. ശ്രീഹരിക്കോട്ടയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയാണു പേടകം ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല