സ്വന്തം ലേഖകന്‍: ആഗ്രഹിക്കുന്നത് അയല്പക്കവുമായി സൗഹൃദമുള്ള ഒരു പാകിസ്താന്‍; ഇമ്രാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യ. പാകിസ്താനില്‍ സമൃദ്ധിയും പുരോഗമനവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്കുവേണ്ടി പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതംചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജൂലായ് 25 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി 270 ല്‍ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
അതിനിടെ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. 116 സീറ്റുകളുമായി ഇമ്രാന്റെ പാര്‍ട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ ബാക്കിനില്‍ക്കുകയാണ്. അതേ സമയം ഇമ്രാന്റെ ജയത്തിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍– എന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയാണ് ഇമ്രാന്‍ ഖാന്‍ ഭൂരിപക്ഷം നേടിയതെന്നാണ് ഇവരുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല